കോച്ചിങ് സെന്ററുകള്‍ വലവിരിക്കുന്നു

മാനന്തവാടി: മധ്യവേനലവധിക്കായി സംസ്ഥാനത്തെ വിദ്യാലയങ്ങളടച്ചെങ്കിലും വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതു കോച്ചിങ് ക്ലാസുകളുടെയും ക്രാഷ് കോഴ്‌സുകളുടെയും നാളുകള്‍. ഏപ്രിലില്‍ ആരംഭിക്കുന്ന വിവിധ സ്‌പെഷ്യല്‍ ക്ലാസുകളുടെ പരസ്യങ്ങള്‍ പത്രങ്ങളിലും ഫഌക്‌സ് ബോര്‍ഡുകളിലും വഴിയോരങ്ങളിലും നിറഞ്ഞുകഴിഞ്ഞു. അവധിക്കാല ക്ലാസുകളെന്നു തന്നെയാണ് പലതിനും പേരുകള്‍. നാലാംതരം മുതലുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന ക്ലാസുകളുണ്ട്. പിന്നാക്കം നില്‍ക്കുന്ന വിഷയങ്ങള്‍, ഇംഗ്ലീഷ് പ്രാവീണ്യം തുടങ്ങിയവയാണ് യുപി കുട്ടികളെ കാത്തിരിക്കുന്നത്.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് സ്വാകാര്യ സ്ഥാപനങ്ങള്‍ പ്രത്യേക ക്ലാസുകള്‍ നടത്തുന്നത്. പത്താം ക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അതാത് വിദ്യാലയങ്ങള്‍ തന്നെ മെയ് ഒന്നുമുതല്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താന്‍ നീക്കങ്ങളുണ്ട്. മുന്‍വര്‍ഷം ബാലാവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടു പോലും ചില സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ക്ലാസുകളെടുത്തിരുന്നു.
തുടര്‍ന്ന് ഡിഡിഇമാരെ പരിശോധനക്കയക്കാന്‍ തുടങ്ങിയതോടെയാണ് പല വിദ്യാലയങ്ങളും ഇതവസാനിപ്പിച്ചത്. എന്നിട്ടു ചില എയ്ഡഡ് വിദ്യാലയങ്ങളില്‍ യൂനിഫോമില്ലാതെയും വിദ്യാലയത്തിന് പുറത്തും പ്ലസ്ടു കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ നല്‍കി. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികളെയാണ് ക്രാഷ് കോഴ്‌സ് ഉപജ്ഞാതാക്കള്‍ വലവിരിച്ചിരിക്കുന്നത്. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് പ്രാഥമിക പരിശീലനമാണ് ഈ വിധത്തില്‍ നല്‍കുന്നത്. ഒരുമാസം അതിലധികവും നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് 10,000 രൂപ വരെയാണ് ഫീസ്.
ഇതിനു പുറമെ കംപ്യൂട്ടര്‍ കോഴ്‌സ്, അക്കൗണ്ടിങ്, ജിഎസ്ടി തുടങ്ങിയവയും മൊബൈല്‍, ലാപ്‌ടോപ്പ് റിപയറിങ് തുടങ്ങിയ കോഴ്‌സുകളും അവധിക്കാല പാക്കേജായി പ്രത്യക്ഷപ്പെടുന്നുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരുള്‍പ്പെടെ പരിശീലനം നല്‍കാനായി രംഗത്തുണ്ട്. മുന്‍കാലങ്ങളില്‍ മാര്‍ച്ച് 31ന് വിദ്യാലയം അടയ്ക്കുന്നതോടെ പാഠപുസ്തകങ്ങള്‍ മാറ്റിവച്ച് കളിയുടെ ലോകത്തേക്ക് ചേക്കേറിയിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ അവധിക്കാലങ്ങള്‍ പേരില്‍ മാത്രം ഒതുങ്ങുകയാണ്.

RELATED STORIES

Share it
Top