കൊഴിഞ്ഞുപോക്കും പ്രാദേശിക സമരങ്ങളുടെ വീര്യംകുറഞ്ഞതും ജില്ലയില്‍ സിപിഎമ്മിന്് തിരിച്ചടിയായി

പെരിന്തല്‍മണ്ണ:  മലപ്പുറം ജില്ല ചുവപ്പിക്കാനുള്ള ശ്രമത്തിനിടെ അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുത്തുള്ള സമരങ്ങളില്‍ പാര്‍ട്ടി പുറകോട്ട് ഉള്‍വലിഞ്ഞതും സംഘടനയ്ക്ക് തിരിച്ചടിയായതായി  സിപിഎം  റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ഇന്നലെ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അവതരിപ്പിച്ച 134 പേജുള്ള റിപോര്‍ട്ടിലാണ്  ജില്ലയില്‍ സിപിഎമ്മിന്റെ അപജയത്തിന് ഇടയാക്കിയ കാര്യങ്ങളെ സ്വയം വിമര്‍ശനത്തിന് വിധേയമാക്കിയത്. ജില്ലയില്‍ 23987 പൂര്‍ണ്ണ മെമ്പര്‍മാരും 4583 സ്ഥാനാര്‍ഥി അംഗങ്ങളും ഉള്‍പെടെ 28604 പാര്‍ട്ടി അംഗങ്ങളാണ് നിലവിലുള്ളത്. പാര്‍ട്ടി അംഗത്വത്തില്‍ 22 ശതമാനം വളര്‍ച്ചയുണ്ടായി. വര്‍ഗ്ഗ സംഘടനകളിലും ബഹുജന സംഘടനകളിലുമായി മുന്ന് ലക്ഷത്തോളം അംഗങ്ങള്‍ വര്‍ധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് - എല്‍ഡിഎഫ് വ്യത്യാസം 2.25 ശതമാനം മാത്രമായി. 34 ഗ്രാമപ്പഞ്ചായത്തുകളും മൂന്ന് നഗരസഭകളും സിപിഎം നിയന്ത്രണത്തിലായി. ജില്ലയില്‍ പാര്‍ട്ടി വളരെയധിക്കം മുന്നോട്ട് പോയെങ്കിലും ജനങ്ങളുടെ ഇടയില്‍ ആശയ പ്രചാരണം നടത്തുന്നതില്‍  വേണ്ടത്ര വിജയിച്ചിട്ടില്ല. ബഹുജനങ്ങളുടെ നിരവധി ജീവല്‍ പ്രശ്‌നങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളും ഏറ്റെടുത്ത് പ്രാദേശിക സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് പോരായ്മകള്‍ വന്നിട്ടുണ്ട്. വനിത - പട്ടിക വിഭാഗങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള മെമ്പര്‍ഷിപ്പില്‍ വര്‍ധനവുണ്ടായെങ്കിലും ജില്ലയില്‍ വനിതാ അംഗങ്ങളുടെ എണ്ണം സംസ്ഥാന ശരാശരിക്ക് താഴെയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.  ജില്ലയില്‍ അന്യവര്‍ഗ യാഥാസ്ഥിതിക വിഭാഗങ്ങള്‍ ഉള്ളതിനാല്‍ പാര്‍ട്ടിയുടെ ആശയപ്രചാരണം സജീവമാക്കണമെന്ന തീരുമാനം ലക്ഷ്യം കാണാനായിട്ടില്ല. ഇതിനായി അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനുള്ള പാര്‍ട്ടി സ്‌കൂള്‍ സ്ഥാപിക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയിലെ തിരഞ്ഞെടുപ്പുകളില്‍  വിജയിക്കാനാവശ്യമായ തന്ത്രങ്ങളാണ് പാര്‍ട്ടി നടത്തിയത്. അവിടെ പാര്‍ട്ടി അംഗങ്ങളെ നിയന്ത്രിക്കുന്നതു പോലെ സ്വതന്ത്രരെ നിയന്ത്രിച്ചിട്ടില്ല. എന്നാല്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്ന അത്തരം പ്രശനങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും നിലമ്പൂര്‍ എംഎല്‍എയുടെ ഭൂമി വിവാദത്തെ പരാമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ എന്‍ മോഹന്‍ദാസും, വി ശശികുമാറും പറഞ്ഞു. ജില്ലയിലെ ഗെയില്‍ സമരത്തില്‍ പാര്‍ട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഇരകള്‍ക്ക് ന്യായമായ നഷ്ട പരിഹാരമാണ് പാര്‍ട്ടി മുന്നോട്ട്‌വക്കുന്നത്. തെറ്റിദ്ധരിക്കപ്പെട്ടവരാണ് ഇപ്പോഴും സമര രംഗത്ത് ഉള്ളതെന്നും. ഇരുവരും കൂട്ടി ചേര്‍ത്തു.

RELATED STORIES

Share it
Top