കൊള്ളപ്പലിശ: റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

കൊച്ചി: കൊള്ളപ്പലിശക്കാര്‍ മൂലം ദുരിതത്തിലായവര്‍ക്ക് ആശ്വാസമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആദ്യഘട്ടത്തില്‍ മൂവാറ്റുപുഴ മേഖലയിലാണ് ഇടപെടല്‍. ഈ പ്രദേശത്ത് വിരമിച്ച പോലിസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന പരാതിയെക്കുറിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കി ന്റേതാണ് ഉത്തരവ്. മൂവാറ്റുപുഴ പോലിസ് സ്റ്റേഷന്‍ പരിധിയി ല്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണം മൂന്ന് ആത്മഹത്യകള്‍ നടന്നെന്നാണ് പരാതി. പായിപ്ര കോഫിഹൗസ് ജീവനക്കാരനും വെള്ളൂര്‍ക്കുന്നം സ്വദേശിയും മകളും ആത്മഹത്യ ചെയ്തതു കൊള്ളപ്പലിശക്കാരുടെ വലയി ല്‍പ്പെട്ടാണെന്നു സാമൂഹികപ്രവര്‍ത്തകന്‍ എം ജെ ഷാജി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
വിരമിച്ച പോലിസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊള്ളപ്പലിശക്കാര്‍ വെള്ളൂര്‍ക്കുന്നം സ്വദേശി ബാബുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷമാണു ബാബുവും മകളും ആത്മഹത്യ ചെയ്തതെന്നു പരാതിയുണ്ട്. മുന്‍ പോലിസ് ഉദ്യോഗസ്ഥരും ഉന്നതരും കേസില്‍ പ്രതികളായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top