കൊള്ളപ്പലിശക്കാരെ സഹായിക്കുന്ന ഭേദഗതി

എനിക്ക് തോന്നുന്നത് - എ  ജയകുമാര്‍,  ചെങ്ങന്നൂര്‍
വണ്ടിചെക്ക് കേസുകളില്‍ ഇടക്കാല നഷ്ടപരിഹാരം ഈടാക്കാം എന്ന ലോക്‌സഭയിലെ നിയമഭേദഗതി കൊള്ളപ്പലിശക്കാരെ സഹായിക്കാനുള്ള അടവെന്ന് സ്പഷ്ടം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിക്ക് ഇടക്കാല നഷ്ടപരിഹാര ഉത്തരവിടാന്‍ അവകാശം കൊടുക്കുന്ന നിയമം കഴിഞ്ഞ ദിവസമാണ് ലോക്‌സഭ പാസാക്കിയത്. ചെക്കിലെ തുകയുടെ 20 ശതമാനം വരെ ഇടക്കാല നഷ്ടപരിഹാരമായി പരാതിക്കാരന് ഈടാക്കാം എന്നതാണ് പുതിയ നിയമഭേദഗതി.
നിയമം പ്രാബല്യത്തിലായാല്‍ ഇനി വരുന്ന ചെക്ക് കേസുകളില്‍ കടം നല്‍കിയവന്‍ കൊടുക്കാനുള്ള തുകയേക്കാള്‍ പതിന്‍മടങ്ങ് രേഖപ്പെടുത്തി കേസ് കൊടുക്കുകയും ഇടക്കാലാശ്വാസംകൊണ്ടുതന്നെ പണം മുതലും പലിശയും ഉള്‍പ്പെടെ മുതലാക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ വട്ടിപ്പലിശക്കാരുടെ ചെക്ക് കേസുകളില്‍ ഏറിയ പങ്കും വ്യാജമായി രേഖപ്പെടുത്തുന്ന തുകകളാണ്. ബാധ്യതപ്പെട്ട പണത്തേക്കാള്‍ ഇരട്ടിയിലധികമാണ് പലപ്പോഴും ഉത്തമര്‍ണന്‍ ആവശ്യപ്പെടുന്നത്. കാരണം, കോടതിയിലെത്തുന്ന ചെക്ക് കേസുകളില്‍ നിയമപരമായ പലിശനിരക്കു മാത്രമേ അനുവദിക്കപ്പെടുന്നുള്ളു. അതിനാല്‍ ബ്ലേഡ് നിരക്കിലുള്ള പലിശ ഉള്‍പ്പെടെയാണ് ഇരട്ടിയിലധികം പണം ചെക്കുകളില്‍ രേഖപ്പെടുത്തുന്നത്. മിക്കപ്പോഴും തുക എഴുതാത്ത ചെക്കുകളാണ് പലരും മുന്‍കൂറായി വാങ്ങിവയ്ക്കുന്നത്.
കൊലപാതകങ്ങള്‍, കൈയേറ്റം, സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തല്‍ തുടങ്ങി വട്ടിപ്പലിശക്കാരുടെ അതിക്രമം വ്യാപകമായ സ്ഥിതിയില്‍ പുതിയ നിയമം കൂടി വന്നാല്‍ ഇവര്‍ കൂടുതല്‍ ശക്തരാവുകയും ചൂഷണങ്ങള്‍ വ്യാപിക്കുകയും ചെയ്യും. ആളുകള്‍ പ്രത്യേകിച്ചും മലയാളികളുടെ ആഡംബരഭ്രമവും മറ്റുള്ളവരെ അനുകരിക്കാനുള്ള ശ്രമവും മുതലാക്കി വന്‍കിട കമ്പനികള്‍, പുതുതലമുറ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ തുടങ്ങി ഗ്രാമങ്ങളിലെ ചെറുകിട ചിട്ടിനടത്തിപ്പുകാര്‍ വരെ വട്ടിപ്പലിശ ഈടാക്കി ആളുകളെ കെണിയിലാക്കുന്നു. ഇത്തരം അതിക്രമങ്ങള്‍ക്കു തടയിടാന്‍ എന്ന നിലയിലാണ് കേരളത്തില്‍ കുബേര നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇതോടെ വട്ടിപ്പലിശക്കാരുടെയും കൊള്ളപ്പണക്കാരുടെയും അതിക്രമങ്ങള്‍ നമ്മുടെ സംസ്ഥാനത്തെങ്കിലും അല്‍പം ഒതുങ്ങിയിരുന്നു. എന്നാല്‍, പുതിയ ഇടക്കാല നഷ്ടപരിഹാര നിയമം നടപ്പാവുന്നതോടെ ഇത്തരക്കാര്‍ സടകുടഞ്ഞെഴുന്നേല്‍ക്കാനാണു സാധ്യത.
പാവങ്ങളെയും പട്ടിണിക്കാരെയും ദ്രോഹിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ കേന്ദ്രസര്‍ക്കാര്‍. കുബേര നിയമം മൂലം ഒളിവിലായ പല കള്ളപ്പണക്കാരും മാളത്തില്‍ നിന്നു പുറത്തുവരുകയും പാവങ്ങളെ ദ്രോഹിക്കുംവിധം കോടതികളെ സമീപിക്കുകയും ചെയ്യും. ചെക്ക് കേസുകളുടെ എണ്ണം കുറയ്ക്കാനും ചെക്ക്-ബാങ്കിങ് വ്യവസ്ഥകളുടെ വിശ്വാസ്യത കൂട്ടാനുമാണ് പുതിയ നിയമം എന്നു വരുത്തിത്തീര്‍ത്ത് കള്ളപ്പണക്കാരെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തിരുത്തേണ്ടതാണ്.
സര്‍ഫാസി നിയമം ഉപയോഗിച്ച് പാവങ്ങളെ ചെറിയ കടബാധ്യതയുടെ പേരില്‍ കുടിയിറക്കിവിടുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. എറണാകുളത്ത് ഒരു സ്ത്രീയും കുടുംബവും കുഴപ്പത്തിലായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോണെടുക്കാന്‍ ആരെയോ സഹായിച്ചതിന്റെ പേരിലാണ്. രണ്ടുലക്ഷം രൂപയുടെ കടം രണ്ടുകോടിയിലേറെയായ അദ്ഭുതമാണ് അവിടെ കണ്ടത്. അതേസമയം, കോടാനുകോടികള്‍ ബാങ്ക് വായ്പ വാങ്ങിയ വിദ്വാന്‍മാര്‍ ലണ്ടനിലും ആന്റിഗ്വയിലും മറ്റു വിനോദകേന്ദ്രങ്ങളിലും സുഖമായി കഴിഞ്ഞുകൂടുന്നു.

RELATED STORIES

Share it
Top