കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ രണ്ടു മലയാളികള്‍

ഉദുമ: ആഫ്രിക്കന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയെന്ന് കരുതുന്ന എണ്ണക്കപ്പലില്‍ രണ്ടു മലയാളികള്‍ ഉള്ളതായി വിവരം. ഉദുമ പെരില വളപ്പിലെ അശോകന്റെയും ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂള്‍ പ്രീപ്രൈമറി അധ്യാപിക ഇ ഗീതയുടെയും മകന്‍ ഉണ്ണി(25)യും ഒരു കോഴിക്കോട് സ്വദേശിയുമാണ് കപ്പലിലുള്ളത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിങ് മാനേജ്‌മെന്റ് കമ്പനിയുടെ എംടി മറൈന്‍ എക്‌സ്പ്രസ് എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ കാണാതായത്. കപ്പലിലുള്ള 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ജനുവരി 31നാണ് ബെനിന്‍ രാജ്യാതിര്‍ത്തിയിലേക്ക് കപ്പല്‍ പ്രവേശിച്ചത്. പിറ്റേന്ന് കപ്പല്‍ കാണാതാവുകയായിരുന്നു. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലില്‍ 52 കോടി രൂപയുടെ ഇന്ധനമുണ്ട്. കപ്പലുമായി വിനിമയബന്ധം നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. കപ്പല്‍ റാഞ്ചിയ വിവരം കമ്പനി അധികൃതരാണ് ബന്ധുക്കളെ അറിയിച്ചത്. ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് നൈജീരിയ, ബെനിന്‍ തുടങ്ങിയ രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് കാണാതായ കപ്പലിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കപ്പല്‍ കാണാതായ വിവരം ഡിജിഎസ് ഡയറക്ടര്‍ ജനറല്‍ ബി ആര്‍ ശേഖര്‍ സ്ഥിരീകരിച്ചു. നൈജീരിയന്‍ നാവികസേനയും തീരദേശ സേനയും തിരച്ചിലിനു രംഗത്തുണ്ട്. ജനുവരി 9ന് എംടി ബാരറ്റ് എന്ന മറ്റൊരു ചരക്കു കപ്പലും ബെനിന്‍ തീരത്തുനിന്നു കാണാതായിരുന്നു. മോചനദ്രവ്യത്തിനു പിടികൂടിയ നാവികരെ ആറു ദിവസത്തിനു ശേഷം വിട്ടയക്കുകയായിരുന്നു. ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെടെ 22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

RELATED STORIES

Share it
Top