കൊളുക്കുമലയില്‍ കാട്ടുതീ; എട്ടു മരണം

തേനി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കുരങ്ങണിയിലെ കൊളുക്കുമലയിലുണ്ടായ കാട്ടുതീയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്നാണ് മരണം.
വിനോദസഞ്ചാരികളായ 35 ഓളംവിദ്യാര്‍ഥികളാണ് കാട്ടില്‍ അകപ്പെട്ടത്. കാട്ടിലകപ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍ വീട്ടിലേക്ക് വിവരമറിയിക്കുകയായിരുന്നു.  തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവരില്‍ നിരവധി പേരെ പിന്നീട് രക്ഷപ്പെടുത്തി. ഇവരില്‍ ഒന്‍പതു പേരെ നിസ്സാര പരുക്കുകളോടെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂര്‍ സ്വദേശികളായ രാജശേഖര്‍, ഭാവന, മേഘ, മോനിഷ, ഈറോഡ് സ്വദേശി സാധന, ചെന്നൈ സ്വദേശികളായ പൂജ, സഹാന (20) തുടങ്ങിയവരാണ് ആശുപത്രിയിലുള്ളത്. 10ഓളം പേര്‍ ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മൂന്നു കുട്ടികളുംവിനോദ സഞ്ചാര സംഘത്തിലുണ്ടായിരുന്നു. ഇവര്‍ ട്രക്കിങ് നടത്തുന്നതിനിടെയാണ് കാട്ടുതീ വ്യാപിച്ചത്. വേനല്‍ ശക്തമായതിനാല്‍ കാട്ടുതീ അതിവേഗത്തില്‍ വ്യാപിക്കുകയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യോമസേനയെ അപകട സ്ഥലത്തേക്കയച്ചു.  വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകളാണ് ഇന്നലെ രാത്രിയോടെ സംഭവ സ്ഥലത്തേക്ക് അയച്ചത്. പുലര്‍ച്ചെ മൂന്നോടെ ഇവ സ്ഥലത്തെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒപ്പം 10 കമാന്‍ഡോകളും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തും. ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീര്‍സെല്‍വവും മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി.

RELATED STORIES

Share it
Top