കൊളീജിയം ശുപാര്‍ശ മടക്കിയെന്നവാര്‍ത്ത നിഷേധിച്ച് മന്ത്രാലയം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയെന്ന വാര്‍ത്ത നിയമമന്ത്രാലയം നിഷേധിച്ചു.ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കാന്‍ അധികാരമുള്ള സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം മടക്കിയതായി ഇന്നലെ ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയവൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചു രംഗത്തെത്തിയത്. കഴിഞ്ഞമാസം 10നാണ് ഇരുവരെയും സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം തീരുമാനിച്ചത്. എന്നാല്‍ അതിന്റെ തൊട്ടടുത്ത ദിവസം തന്നെ അഞ്ചംഗ കൊളീജിയത്തിലെ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് അയക്കുന്നത് ചീഫ് ജസ്റ്റിസ് വൈകിപ്പിച്ചു. ഇതിനു പിന്നാലെ 22നാണ് ശുപാര്‍ശ മന്ത്രാലയത്തിന് അയച്ചുകൊടുത്തത്. എന്നാല്‍, ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കാതെ ചീഫ് ജസ്റ്റിസിനു തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നത്.2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കിയ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കി ഉയര്‍ത്തുന്നതിന് കേന്ദ്രത്തിന് താല്‍പര്യമില്ലെന്നാണ് റിപോര്‍ട്ടുകള്‍. രാഷ്ട്രപതിക്കു പോലും തെറ്റുപറ്റിയേക്കാം എന്നതുള്‍പ്പെടെയുള്ള സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയായിരുന്നു ജ. ജോസഫ് നടപടി റദ്ദാക്കിയത്.

RELATED STORIES

Share it
Top