കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കൊളച്ചേരി: പ്രാദേശിക യുഡിഎഫില്‍ പൊട്ടിത്തെറിക്ക് കാരണമായ കൊളച്ചേരി ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. പാമ്പുരുത്തി ദ്വീപില്‍നിന്നുള്ള മുസ്‌ലിം ലീഗ് പ്രതിനിധി കെ താഹിറയാണ് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. സിപിഎമ്മിലെ എം ഗൗരി എല്‍ഡിഎഫിനു വേണ്ടി രംഗത്തിറങ്ങും.
മുന്നണിക്കുള്ളിലെ കലഹങ്ങളെല്ലാം നേതൃത്വം ഇടപെട്ട് പരിഹരിച്ചതോടെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ വിജയം താഹിറയ്ക്ക് ഏതാണ്ട് ഉറപ്പാണ്. പഞ്ചായത്ത് സിഡിഎസ് മുന്‍ ചെയര്‍പേഴ്‌സന്‍ കൂടിയാണ് ഇവര്‍. ലീഗില്‍നിന്ന് കൂറുമാറി പ്രസിഡന്റായ പന്ന്യങ്കണ്ടി വാര്‍ഡിലെ കെ എം പി സറീന രാജിവച്ച ഒഴിവിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നുവര്‍ഷം തികയുന്നതിനു മുമ്പ് മൂന്നാമത്തെ പ്രസിഡന്റിനു വേണ്ടി തിരഞ്ഞെടുപ്പ് നടത്തുന്നുവെന്നതാണ് പ്രത്യേകത. തളിപ്പറമ്പ് മണ്ഡലത്തില്‍ തന്നെ ലീഗിന് പ്രസിഡന്റ് സ്ഥാനം കൈവിടാത്ത പഞ്ചായത്തായിരുന്നു കൊളച്ചേരി. എന്നാല്‍, ലീഗിലും  കോണ്‍ഗ്രസിലും ഉടലെടുത്ത തര്‍ക്കമാണ് ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി തന്നെ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്. 2015ല്‍ പ്രസിഡന്റായ നൂഞ്ഞേരി വാര്‍ഡിലെ ലീഗ് പ്രതിനിധി കെ സി പി ഫൗസിയ പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്ന് 2017 ജൂണ്‍ 16ന് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് 2017 ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ രണ്ടു വനിതാ അംഗങ്ങളുടെയും സിപിഎം, ബിജെപി അംഗങ്ങളുടെയും പിന്തുണയോടെ ലീഗ് വിമത സറീന പ്രസിഡന്റായത്.
യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കെ താഹിറയെ എട്ടിനെതിരേ ഒമ്പതു വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സറീനയെ രണ്ടു കോണ്‍ഗ്രസ് അംഗങ്ങളും സിപിഎം ഉള്‍പ്പെടെയുള്ള ആറ് എല്‍ഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും പിന്തുണച്ചു. പാര്‍ട്ടി വിപ്പ് ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച ലീഗ് വിമതയെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ എം ഗൗരിയെ പിന്‍വലിച്ചിരുന്നു. ഇതോടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ പഞ്ചായത്ത് യുഡിഎഫിലുണ്ടായ അസ്വാരസ്യം പൊട്ടിത്തെറിയില്‍ കലാശിച്ചു. മാസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. സറീനയ്‌ക്കെതിരേ കഴിഞ്ഞ മാസം ഒമ്പതിന് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് ഒരുദിവസം മുമ്പ് സറീന രാജിവച്ചു. മുസ്്‌ലിം ലീഗ്-8, കോണ്‍ഗ്രസ്-3, സിപിഎം-3, സിപിഐ-1, ഇടത് അനുകൂല സിഎംപി-1, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില.

RELATED STORIES

Share it
Top