കൊളംബിയ: ഇവാന്‍ ദുക്യു മാര്‍കസ് പ്രസിഡന്റ്‌

ബൊഗോട്ട: കൊളംബിയയുടെ പുതിയ പ്രസിഡന്റായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇവാന്‍ ദുക്യു മാര്‍കസ് തിരഞ്ഞെടുക്കപ്പെട്ടു. ബൊഗോട്ടയുടെ മുന്‍ മേയര്‍ ഗുസ്താവോ പെട്രോയെയാണ് അദ്ദേഹം 53.9 ശതമാനം വോട്ട് നേടി പരാജയപ്പെടുത്തിയത്.
കൊളംബിയയിലെ സായുധസംഘമായ ഫാര്‍സുമായി ഉണ്ടാക്കിയ സമാധാനകരാറിനു ശേഷം നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ഇവാന്‍ ദുക്യു സ്വന്തമാക്കിയത്. അമേരിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം. 2014ല്‍ അദ്ദേഹം കൊളംബിയയിലെ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തന്റെ ഊര്‍ജമത്രയും രാജ്യത്തെ ഏകീകരിക്കാന്‍ ഉപയോഗിക്കുമെന്ന് അനുയായികളെ അഭിസംബോധന ചെയ്യവേ ദുക്യു പറഞ്ഞു. വിമതര്‍ക്ക് കോണ്‍ഗ്രസ്സിലേക്കു മല്‍സരിക്കാന്‍ അനുമതി നല്‍കുന്നവ്യവസ്ഥകള്‍ പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രാജ്യത്തെ നികുതി കുറയ്ക്കുമെന്നും നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാഞ്ചസാണ് 2016ല്‍ വിമതരുമായി സമാധാന കരാറിലെത്തിച്ചേര്‍ന്നത്.
നീണ്ട 50 വര്‍ഷത്തെ കൊളംബിയന്‍ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവുകയായിരുന്നു. 2,20,000ലേറെ പേരാണ് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കൊളംബിയയില്‍ കൊല്ലപ്പെട്ടത്. ഏഴു ദശലക്ഷം ജനങ്ങള്‍ അഭയാര്‍ഥികളായെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഫാര്‍സുമായുള്ള സമാധാനകരാറില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്നുള്ള ദുക്യുവിന്റെ പ്രഖ്യാപനം ആശങ്കയുളവാക്കുന്നതാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
വിമതരെ കോണ്‍ഗ്രസ്സില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ സമാധാന ശ്രമങ്ങളെ വീണ്ടും തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED STORIES

Share it
Top