കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയം ആറ് വിക്കറ്റിന് ; പച്ച പിടിക്കാതെ ബംഗളൂരുബംഗളൂരു: ബംഗളൂരു തുടര്‍തോല്‍വികളുടെ കണക്കുപുസ്തകത്തിലേക്ക് വീണ്ടുമൊരു തോല്‍വികൂടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ ആറ് വിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെട്ടത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗളൂരു 158 പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ കൊല്‍ക്കത്ത 15.1 ഓവറില്‍ 159 റണ്‍സ് നേടി വിജയം സ്വന്തമാക്കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗളൂരുവിന്റെ വിധി തുടക്കത്തിലേ എഴുതപ്പെട്ടിരുന്നു. ഓപണര്‍ ക്രിസ് ഗെയ്ല്‍, ഉമേഷ് യാദവിന്റെ ആദ്യ പന്തില്‍ തന്നെ മടങ്ങി. കോഹ്‌ലി(5)യേയും ഉമേഷ് യാദവ് അതിവേഗം മടക്കി. എബി ഡിവില്ലിയേഴ്‌സും (10) നിരാശപ്പെടുത്തിയതോടെ വന്‍ ദുരന്തം പ്രതീക്ഷിച്ച ബംഗളൂരുവിനെ മെച്ചപ്പെട്ട നിലയിലെത്തിച്ചത് മന്ദീപ് സിങ്- ട്രവിസ് ഹെഡ് കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 52 റണ്‍സുമായി മന്ദീപ് സുനില്‍ നരേയ്‌ന് മുന്നില്‍ കീഴടങ്ങി. അവസാന ഓവറുകളില്‍ ഹെഡ് കൊടുങ്കാറ്റായി. 34 പന്തില്‍ 75 റണ്‍സുമായി പുറത്താവാതെ നിന്ന ഹെഡിന്റെ ബാറ്റിങ് കരുത്താണ് ബംഗളൂരുവിനെ 158 റണ്‍സിലേക്കെത്തിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും സുനില്‍ നരേയ്ന്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഒരു വിക്കറ്റ് ക്രിസ് വോക്‌സും സ്വന്തമാക്കി.മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത തുടക്കം മുതലേ നയം വ്യക്തമാക്കി. സീസണിലെ മികച്ച ഓപണിങ് പ്രകടനത്തോടെ ക്രിസ് ലിനും(50) സുനില്‍ നരേയ്‌നും ചേര്‍ന്ന് വെറും ആറ് ഓവറില്‍ കൊല്‍ക്കത്തയെ 100 കടത്തി. 17 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതം 54 റണ്‍സുമായി നരേയ്ന്‍ പുറത്താവുമ്പോള്‍ കൊല്‍ക്കത്ത 6.1 ഓവറില്‍ 1 വിക്കറ്റിന് 105 എന്ന നിലയിലായിരുന്നു. ലിന്‍ 22 പന്തിലാണ് 50 റണ്‍സ് നേടിയത്. ഗ്രാന്‍ഡ്‌ഹോം (31), ഗൗതം ഗംഭീര്‍ (14) എന്നിവരുടെ വിക്കറ്റുകളും കൊല്‍ക്കത്തയ്ക്ക് നഷ്ടമായെങ്കിലും മനീഷ് പാണ്ഡെ(4), യൂസഫ് പഠാന്‍ (0) എന്നിവരിലൂടെ കൊല്‍ക്കത്ത വിജയം കണ്ടു. ഓള്‍ റൗണ്ട് പ്രകടനം നടത്തിയ സുനില്‍ നരേയ്‌നാണ് കളിയിലെ താരം. ജയത്തോടെ 16 പോയിന്റുകളുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി.

RELATED STORIES

Share it
Top