കൊല്ലാന്‍ തന്നെയാണ് ശുഹൈബിനെ ആക്രമിച്ചതെന്ന് റിമാന്‍ഡ് റിപോര്‍ട്ട്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ് പി ശുഹൈബിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതികള്‍ ആക്രമിച്ചതെന്ന് പോലിസ് റിമാന്‍ഡ് റിപോര്‍ട്ട്. കൊലപ്പെടുത്താനല്ല, കാലു വെട്ടാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ പറഞ്ഞതായാണു കഴിഞ്ഞദിവസം പോലിസ് വെളിപ്പെടുത്തിയത്. എന്നാല്‍, ഇതിനു വിപരീതമാണ് കേസില്‍ അറസ്റ്റിലായ എം വി ആകാശ് (24), കരുവള്ളിയിലെ രജിന്‍രാജ് (26) എന്നിവര്‍ക്കെതിരേ മട്ടന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ട്.
പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയാണെന്ന് റിപോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. എടയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തില്‍ ശുഹൈബ് ഇടപെട്ടതാണു കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയാളിസംഘത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മാലൂര്‍ സബ് സ്‌റ്റേഷന് സമീപത്തെ കോടതിറോഡില്‍ നിന്ന് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ക്കും പങ്കുള്ളതായി ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. ശുഹൈബിനു നേരെ ആക്രമണമുണ്ടാവുമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിപ്പട്ടിക വിപുലീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതേസമയം, കണ്ണൂര്‍ കലക്ടറേറ്റില്‍ ഇന്നു രാവിലെ 10.30ന് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സമാധാനയോഗം ചേരും. യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ നടത്തിവരുന്ന 48 മണിക്കൂര്‍ നിരാഹാര സമരം ഈ മാസം 22 വരെ തുടരാന്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top