കൊല്ലങ്കോട് റേഞ്ച്: തേക്കടി അല്ലിമൂപ്പന്‍ കോളനിയിലെ വീട് നിര്‍മാണം അന്തിമഘട്ടത്തില്‍

പാലക്കാട്: നെന്മാറ ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ കൊല്ലങ്കോട് റേഞ്ചിലെ തേക്കടി അല്ലിമൂപ്പന്‍ കോളനിയിലെ 19 വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലായി. വന്യജീവികളുടെ ആക്രമണത്തിന് തടയിടാനും ഗൃഹസൗകര്യം ഒരുക്കാനും അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാനില്‍ ഉള്‍പ്പെടുത്തി നെന്മാറ ഫോറസ്റ്റ് ഡിവിഷന്‍ മുഖേനയാണു നടപ്പിലാക്കുന്നത്. കൂടാതെ കോളനിക്കകത്ത് തന്നെ റോഡും കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണവും പുരോഗമിക്കുകയാണ്. 420 സ്‌ക്വയര്‍ഫീറ്റില്‍ ഒരു മുറിയും അടുക്കളയും ടോയ്‌ലറ്റും അടങ്ങുന്ന 19 വീടിന്റെ മേല്‍കൂരയുടെ വാര്‍പ്പ് പൂര്‍ത്തിയായതായും വീടുകള്‍ ഉടനെ കൈമാറുമെന്നും നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സി ശശികുമാര്‍ അറിയിച്ചു.
ഗ്രാമസഭ കൂടാനും വിവാഹം നടത്താനും ഒത്തുകൂടാനുമൊക്കെയായി 23 ലക്ഷം ചെലവിലാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്. കോളനിക്കകത്ത് സഞ്ചാരം സുഗമമാക്കാന്‍ 720 മീറ്റര്‍ റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ചെമ്മണാംപതി, ചപ്പക്കാട് എന്നിവിടങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേനല്‍ക്കാലങ്ങളില്‍ വന്യജീവികള്‍ക്ക് ദാഹമകറ്റാന്‍ വാട്ടര്‍ഹോളും നിര്‍മിച്ചിട്ടുണ്ട്. വന്യമൃഗശല്ല്യം നേരിടുന്ന കൊല്ലങ്കോട് റേഞ്ചിലെ ചെമ്മണംപതി മുതല്‍ അരശമരുത് വരെ മൂന്നു കിലോമീറ്ററില്‍ സൗരോര്‍ജവേലി സ്ഥാപിച്ചത് മൂലം വന്യജീവി ആക്രമണം തടയാനായി. നെല്ലിയാമ്പതി റെയ്ഞ്ച് ഓഫിസിന് പുതിയ കെട്ടിടം നിര്‍മിച്ചതും മംഗലം ഡാം-നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മിച്ചതും ഈ കാലയളവിലാണ്.വനസമ്പത്ത് സംരക്ഷിക്കുന്നതിനും വന്യമൃഗവേട്ട തടയിടുന്നതിനുമായി വനാന്തരങ്ങളില്‍ താമസിച്ച് നിരീക്ഷണം നടത്താന്‍ നെല്ലിയാമ്പതി കേശവന്‍പാറയില്‍ ആന്റിപോച്ചിങ് കാംപ്‌ഷെഡ് നിര്‍മിച്ചു. ഇവിടെ മണ്ണ്-ജലസംരക്ഷണത്തിന്റെ ഭാഗമായി കൈകാട്ടി, കോണയാര്‍ എന്നിവിടങ്ങളില്‍ മണ്ണൊലിപ്പ് തടയാനും വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കാനും വനം വകുപ്പിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെക്ക്ഡാം നിര്‍മിച്ചതിനാല്‍ മൃഗങ്ങള്‍ കാടിറങ്ങുന്നത് ഒരുപരിധിവരെ കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top