കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചു; തിരിച്ചറിഞ്ഞത് മൂന്നാഴ്ച കഴിഞ്ഞ്ദമ്മാം: കൊല്ലം ആര്യങ്കാവ് കഴുതുരുട്ടി സ്വദേശി മാമൂട്ടില്‍ അബ്ദുല്‍ അസീസ് (52) ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ മാസം 20ന് വൈകുന്നേരം റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ദമ്മാം മുവാസാത്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം 22ന് രാവിലെയാണ് മരിച്ചത്. എന്നാല്‍ മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. മുവാസാത്ത് ആശുപത്രി മോര്‍ച്ചറിയിലുള്ള ഇന്ത്യക്കാരന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്മാം ഗതാഗത വകുപ്പ് മേധാവി ഒരാഴ്ച മുമ്പാണ് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇഖാമ പകര്‍പ്പ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട് രേഖകള്‍ എടുത്ത് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട നാസ് വക്കം മരിച്ചത് മലയാളിയാണെന്ന് മനസ്സിലാക്കുകയായിരുന്നു. കൂടാതെ ആളെ തിരിച്ചറിയുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പടം സഹിതം പ്രചാരണം നടത്തിയിരുന്നു. ഇടയ്ക്കിടെ നാട്ടിലേക്ക് വിളിക്കുന്ന പതിവില്ലാത്തതിനാല്‍ തന്നെ മരണ വിവരം നാട്ടില്‍ ഭാര്യയോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. 20 വര്‍ഷം ദമ്മാമിലുണ്ടായിരുന്ന അസീസ് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയെങ്കിലും രണ്ടു വര്‍ഷം മുമ്പ് പുതിയ വിസയില്‍ തിരിച്ചെത്തുകയായിരുന്നു. മൃതദേഹം ദമ്മാമില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സാജിത. മക്കള്‍ അന്‍ഷാദ്, അനീഷ.

RELATED STORIES

Share it
Top