കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ടെര്‍മിനല്‍ മാര്‍ച്ചില്‍; 20 ലക്ഷം കൂടി അനുവദിച്ചു

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം ഡിവിഷനല്‍ റയില്‍വേ മാനേജര്‍ രേഖാമൂലം എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ അറിയിച്ചു. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വേണ്ടി 20 ലക്ഷം രൂപ എംപി ഫണ്ടില്‍ നിന്നും അനുവദിച്ചു. വിപുലമായ പാര്‍ക്കിങ് സൗകര്യവും വിശാലമായ സര്‍ക്കുലേറ്റിങ് ഏരിയായും യാത്രക്കാര്‍ക്കുള്ള ഇതര സൗകര്യങ്ങളുമാണ് രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഒരുക്കുന്നത്. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ നിന്നും പ്രവേശനം ആരംഭിക്കുന്നതോടെ കൊല്ലത്തെ റയില്‍വേയാത്ര കൂടുതല്‍ സുഗമമാകും. കൂടാതെ നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുകയും ചെയ്യും. കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. നിര്‍മ്മാണത്തിന്റെ 80ശതമാനം പൂര്‍ത്തീകരിച്ചത് 2014 - 2017 വരെയുള്ള കാലയളവിലാണ്. പുനലൂര്‍-ഇടമണ്‍, ഇടമണ്‍-ന്യൂ ആര്യങ്കാവ്, ഭഗവതിപുരം-ചെങ്കോട്ട റീച്ചുകള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചു.  അവശേഷിച്ച  ഇടമണ്‍, ന്യൂ ആര്യങ്കാവിന്റെ നിര്‍മാണം പൂര്‍ത്തിയായതോടുകൂടി പുനലൂര്‍-ചെങ്കോട്ട പാത നിര്‍മാണം പൂര്‍ത്തിയായി. ഇടമണ്‍ ന്യൂ ആര്യങ്കാവ് റീച്ചില്‍ ആകെ 1.5 കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് ടണലുകളും 92 പാലങ്ങളും തെന്മല ക്രോസ്സിങ്ങിനായുള്ള ലൂപ്പ് ലൈനും നിര്‍മിച്ചിട്ടുണ്ട്. ടണലുകളും പാലങ്ങളും ഉള്‍പ്പെടെ സങ്കീര്‍ണ്ണമായ നിര്‍മാണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് കാലതാമസം ഉണ്ടായത്.  12 ന് ചീഫ് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ മനോഹരന്‍ സുരക്ഷാ പരിശോധന നടത്തും. 13ന് ട്രെയിന്‍ ഓടിച്ച് വേഗതാ പരിശോധനയും നടത്തും. പരിശോധന വിജയകരമായാല്‍ പുനലൂര്‍-ചെങ്കോട്ട റെയില്‍വേ പാതയില്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയും. കേന്ദ്ര റയില്‍വേ മന്ത്രിയുടെ സൗകര്യപ്രദമായ തീയതിയില്‍ ഉദ്ഘാടനം നടക്കും. ഗേജ്മാറ്റ പ്രവൃത്തിക്ക്  മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകളും പുനരാരംഭിക്കണമെന്നും പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്. മയ്യനാട് റയില്‍വേ പാലം ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മയ്യനാട്, പരവൂര്‍, കുണ്ടറ, പെരിനാട്, കൊല്ലം ചെങ്കോട്ട പാതയിലെ ഹാള്‍ട്ട് സ്റ്റേഷനുകള്‍ എന്നിവയുടെ വികസനത്തിനും ആവശ്യമായ നടപടികള്‍ റയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

RELATED STORIES

Share it
Top