കൊല്ലം റെയില്‍വേ രണ്ടാം ടെര്‍മിനല്‍ നിര്‍മാണം ജൂണില്‍ പൂര്‍ത്തിയാക്കും

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ടെര്‍മിനലിന്റെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും എം പി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണം ആരംഭിക്കുന്നതുള്‍പ്പടെയുള്ള എല്ലാ പണികളും ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ കെ. കുല്‍ശ്രേഷ്ഠ പറഞ്ഞതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.
ലിഫ്റ്റ്, എസ്‌കലേറ്റര്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നിര്‍മാണം ഉള്‍പ്പടെ ഈ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കും. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ ജനറല്‍ മാനേജര്‍ നേരില്‍ പരിശോധന നടത്തി.
യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാം ടെര്‍മിനലിന്റെയും റയില്‍വേ സ്റ്റേഷന്റെയും പരിശോധന കൂടാതെ റെയില്‍വേ ഹെല്‍ത്ത് യൂനിറ്റ്, ആര്‍ആര്‍ഐ സെന്റര്‍, സ്റ്റാഫ് കോളനി എന്നിവിടങ്ങളിലും പരിശോധന നടത്തി. കൊല്ലം ഹെല്‍ത്ത് യൂനിറ്റില്‍ വികസനത്തിനാവശ്യമായ കൂടുതല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
റെയില്‍വേയില്‍ ഉപയോഗിക്കുന്നതും റെയില്‍വേ സ്റ്റേഷനില്‍ വില്‍ക്കുന്നതുമായ കുടിവെള്ളത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായി പുതിയതായി സ്ഥാപിച്ച വാട്ടര്‍ അനാലിസിസ് ലാബിന്റെ പ്രവര്‍ത്തനം പരിശോധിച്ചു. അത്യാധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജലശുദ്ധി പരിശോധനാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജീവനക്കാരുടെ വാസസ്ഥലവും ജനറല്‍ മാനേജര്‍ പരിശോധിച്ചു. ജനറല്‍ മാനേജരെ കൂടാതെ ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ വിവിധ വകുപ്പ് മേധാവികളായ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ എസ് സി പാഹറിന്‍, ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ പ്രിയംവദ, ചീഫ് ഓപറേറ്റിങ് മാനേജര്‍ അനന്തരാമന്‍, പ്രിന്‍സിപ്പല്‍ ചീഫ് പെര്‍സണല്‍ ഓഫിസര്‍, തിരുവനന്തപുരം ഡിവിഷനല്‍ റയില്‍വേ മാനേജര്‍ പ്രകാശ് ബുട്ടാനി, അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍, ഡിവിഷനിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനറല്‍ മാനേജര്‍ സംതൃപ്തി പ്രകടിപ്പിച്ചു. രണ്ടാം ടെര്‍മിനലുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമാക്കാനും ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് നിര്‍മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top