കൊല്ലം ബൈപ്പാസ് ആഗസ്തില്‍ പൂര്‍ത്തിയായേക്കും

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ പണി ആഗസ്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.  ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ സ്ഥലം സന്ദര്‍ശിച്ച് നേരിട്ട് വിലയിരുത്തിയും ഉദേ്യാഗസ്ഥരും കരാറുകാരുമായും ചര്‍ച്ച നടത്തിയതിനും ശേഷമാണ് വിവരം അറിയിച്ചത്. 620 മീറ്റര്‍ നീളമുള്ള കാവനാട് പാലത്തിന്റെ 520 മീറ്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു.  നൂറ് മീറ്റര്‍ നീളത്തില്‍ നാലു ബീമുകളും മൂന്ന് സ്ലാബുകളും നിര്‍മിക്കുന്ന പണിയാണ് പൂര്‍ത്തീകരിക്കാനുള്ളത്.  95 മീറ്റര്‍ നീളമുള്ള നീരാവില്‍ പാലം പൂര്‍ത്തിയായി. അപ്രോച്ച് റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 520 മീറ്റര്‍ നീളമുള്ള കടവൂര്‍ ഭാഗത്തെ മങ്ങാട് പാലത്തിന്റെ  320 മീറ്റര്‍ പണികള്‍ പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന 200 മീറ്റര്‍ ഭാഗത്തെ നിര്‍മാണം പുരോഗമിക്കുകയാണ്. പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയും. കല്ലുംതാഴം മുതല്‍ മേവറം വരെയുളള റോഡ് വീതിക്കൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പണി ജനുവരിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കടവൂര്‍ ഭാഗത്ത് രണ്ട് കിലോമീറ്റര്‍ ദൂരം റീടൈനിങ് വാള്‍ കെട്ടി മണ്ണിടുന്ന പ്രവൃത്തി ഏപ്രില്‍ പകുതിയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും. ശേഷിക്കുന്ന ഭാഗം റോഡിലെ മണ്ണിടുന്നതും മെറ്റലിങ്ങും ടാറിങ്ങും പണിയും പുരോഗമിച്ചു വരുന്നു. വര്‍ഷകാലം ആരംഭിക്കുന്നതിന് മുമ്പ് പ്രധാന പണികള്‍ എല്ലാം പൂര്‍ത്തീകരിക്കുന്ന തരത്തില്‍ പ്രവൃത്തി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ബൈപാസ് നിര്‍മാണത്തിന്  തടസ്സമാകുന്ന ഏക ഘടകം കൊല്ലം ജില്ലയിലെ മെറ്റലിന്റെ ദൗര്‍ലഭ്യമാണ്. മെറ്റല്‍ ക്ഷാമം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കൊല്ലം ജില്ലയില്‍  മെറ്റല്‍ ക്ഷാമം ബൈപാസ് നിര്‍മാണത്തെ ബാധിക്കാതിരിക്കാന്‍ ഇതര ജില്ലകളില്‍ നിന്നും മെറ്റല്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്.  മേയില്‍ പ്രധാന പണികള്‍ പൂര്‍ത്തീകരിച്ച് ജൂണ്‍, ജൂലൈ മാസങ്ങളില്‍ അന്തിമപണികള്‍ തീര്‍ത്ത് ആഗസ്തില്‍ ഗതാഗതത്തിനായി സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികള്‍ ധ്രുതഗതിയില്‍  പുരോഗമിച്ചു വരികയാണ്. കാവനാട്  ആല്‍ത്തറമൂട്ടിലെ റോഡിന്റെ രൂപകല്‍പ്പന ഗതാഗത കുരുക്ക് ഉണ്ടാകാത്ത നിലയില്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.എംപിയോടൊപ്പം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ചുമതലയുള്ള ജോണ്‍ കെന്നത്തിന്റെ നേതൃത്വത്തിലുള്ള ഉദേ്യാഗസഥരും കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍,  ഗോപന്‍, പ്രശാന്ത്, ചവറ രാജശേഖരന്‍ എന്നിവരും ഉണ്ടായിരുന്നു.

RELATED STORIES

Share it
Top