കൊല്ലം ഡിസ്‌പോസിബിള്‍ ഫ്രീ ജില്ലയാക്കും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കൊല്ലം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ജില്ലയെ ഡിസ്‌പോസിബിള്‍ ഫ്രീ (ഉപയോഗശേഷം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിക്കാത്ത)  ജില്ലയാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ശുചിത്വ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പറഞ്ഞു. ജില്ലാ ശുചിത്വ മിഷന്‍ പരിസ്ഥിതി ദിനത്തില്‍ സംഘടിപ്പിച്ച മാലിന്യ സംസ്‌കരണവും ജനകീയ ഇടപെടലും എന്ന വിഷയത്തിലുളള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  മാലിന്യ സംസ്‌കരണത്തിന് ഭീഷണിയാണ് ഉപയോഗശേഷം വലിച്ചെറിയുന്ന വസ്തുക്കള്‍.— ഇവ തരം തിരിക്കാതെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുകയും അശാസ്ത്രീയമായി കത്തിക്കുകയുമാണ്. ഇതിന് മാറ്റം വരുത്തിയാലെ ശാസ്ത്രീയ മാലിന്യ സംസ്‌കരണം സാധ്യമാകൂയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാകും “ഡിസ്‌പോസിബിള്‍ ഫ്രീ കൊല്ലം’ പദ്ധതി നടപ്പിലാക്കുകയെന്ന് കലക്ടര്‍ ഡോ മിത്ര ടി പറഞ്ഞു. ജൂണ്‍  മുതല്‍ ഒക്‌ടോബര്‍ വരെവ്യാപകമായ ബോധവല്‍ക്കരണം നടത്തും. ഇതോടൊപ്പം പ്ലാസ്റ്റിക് പേപ്പര്‍  ഉള്‍പ്പെടെയുളള ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ക്ക് പകരം സ്റ്റീല്‍, സിറാമിക്, ചില്ല്പാത്രങ്ങള്‍ ഉള്‍പ്പെടെയുളള ബദല്‍ മാര്‍ഗങ്ങള്‍ ഓരോരുത്തരും സ്വന്തമായി കണ്ടെത്തണം. എല്ലാവരും മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്ന ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരികളുള്‍പ്പെടെയുളള വിവിധ സംഘടനകള്‍,ഓഡിറ്റോറിയം ഉടമകള്‍, ആരാധനാലയങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയുടെ പൂര്‍ണപിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയിലെ ഓരോ വാര്‍ഡിലും, വീടുകളിലും, സര്‍ക്കാര്‍, സര്‍ക്കാരിതര, സ്വകാര്യ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ബോധവല്‍ക്കരണം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിച്ച് ചേര്‍ക്കും. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി —കൃഷ്ണകുമാര്‍ വിഷയം അവതരിപ്പിച്ചു. ശുചിത്വ മിഷന്‍  അസി: കോര്‍ഡിനേറ്റര്‍ യു ആര്‍ ഗോപകുമാര്‍, എന്‍ പ്രദീപ്, കെ പി ദിനേശ്, വി കെ മധുസൂദനന്‍,  എ ഷാനവാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.—

RELATED STORIES

Share it
Top