കൊല്ലംകൊല്ലി ക്വാറിക്കെതിരേ ജനകീയ ഉപവാസം

അരീക്കോട്: ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ  കൊല്ലംകൊല്ലി കരിങ്കല്‍ ക്വാറിക്കെതിരെ ജനകീയ സമരം ശക്തമായി. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയില്‍ മാറ്റിവെച്ച അപേക്ഷ ഈ വര്‍ഷം ഇടതുപക്ഷ ഭരണ സമിതി  അനുമതി നല്‍കുകയായിരുന്നു.
പശ്ചിമഘട്ട മലനിരകള്‍ക്ക് താഴെ പരിസ്ഥിതിക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന കരിങ്കല്ല് ക്വാറി കഴിഞ്ഞമാസമാണ് പ്രവൃത്തി ആരംഭിച്ചത്. വര്‍ഷങ്ങളായി ജനീകീയ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ അപേക്ഷ മാറ്റിവെച്ചിരുന്നത് വീണ്ടും പരിഗണിക്കുകയും പ്രവര്‍ത്തനാനുമതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു.  വനഭൂമിക്ക് സമീപം ആദിവാസി ഊരുകള്‍ക്കടുത്തായി നിര്‍മാണം ആരംഭിച്ച ക്വാറിക്കെതിരെയാണ് ജനകീയ പ്രതിഷേധം. പരിസ്ഥിതി ടൂറിസത്തിന് അനുയോജ്യമായ പ്രദേശമാണിത്. കൊല്ലം കൊല്ലി വെള്ളചാട്ടത്തിന് സമീപമായി 2015ല്‍  ഹാഡ പദ്ധതിയുടെ ഭാഗമായി 32 ലക്ഷം രൂപ ചിലവഴിച്ച് തടയണ നിര്‍മിച്ചിരുന്നു. കൊല്ലം കൊല്ലി വെള്ളം ചാട്ടത്തില്‍ നിന്ന് കൈവഴിയായി ചാലിയാറിലേക്കാണ് ഒഴുകുന്നത്.
കുടിവെള്ള ക്ഷാമം ഏറെ അനുഭവിക്കുന്ന ഈ പ്രദേശത്ത് ക്വാറി പ്രവര്‍ത്തനം വ്യാപകമാകുന്നതോടെ ജലക്ഷാമം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍ വെറ്റിലപ്പാറ, പനംപ്ലാവ്, പൂവത്തിക്കല്‍, വേഴക്കോട്, കല്ലരട്ടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായി ആറ് ക്വാറികളും ആറ് ക്രഷറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ ക്വാറിക്ക് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയത്. ആദിവാസി കോളനിക്ക് സമീപമായി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പെടുത്തിയ കൈതക്കല്‍ ആദിവാസി റോഡ് തടസ്സപെടുത്തികൊണ്ടാണു ക്വാറി പ്രവര്‍ത്തനം ആരംഭിച്ചത്. ആദിവാസി മേഖലകളില്‍ ക്വാറി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കപെട്ടിട്ടില്ലയെന്ന ആക്ഷേപം ഉണ്ട്.
ഈ പ്രദേശത്ത് വ്യാപകമായി ഭൂമി കൈയേറ്റം നടന്നതായി രേഖകളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നേരത്തെ റവന്യൂ പുറംമ്പോക്ക് ഭൂമിയില്‍ ഉള്‍പെട്ട ഈ പ്രദേശം ഭൂ പരിഷ്‌ക്കരണ നിയമം ലംഘിച്ച് തരംമാറ്റം വഴി ഭൂമി സ്വന്തമാക്കുകയായിരുന്നു.
ഭൂപരിഷ്‌കരണ നിയമത്തിനെ മറികടക്കാന്‍ ബിനാമിയായിട്ടാണ് ഭൂ രേഖകള്‍ ശരിപ്പെടുത്തിയത്. ക്വാറി നടത്തിപ്പിനെതിരെ ഇന്ന് ഏറനാട് മണ്ഡലം പരിസ്ഥിതി കൂട്ടായ്മ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഏകദിന ഉപവാസം നടത്തും. കൊല്ലം കൊല്ലി ക്വാറിക്ക് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യാനും പാരിസ്ഥിതിക പഠനം നടത്തി മാത്രം ക്വാറികള്‍ക്ക് അനുമതി നല്‍കണമെന്നും ഉന്നയിച്ചാണ് സമരചെയ്യുന്നതെന്ന് ജബ്ബാര്‍ മൈത്ര, മീമ്പറ്റ കുഞ്ഞാന്‍, സുധാകരന്‍ കാറ്റാടിപൊയില്‍, ഗഫൂര്‍ പൂവത്തിക്കല്‍, മനോജ് കാവനൂര്‍, നാസര്‍ പറമ്പാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top