കൊലയാളികള്‍ ബന്ധപ്പെടാന്‍ പ്രത്യേകം ഫോണുകള്‍ ഉപയോഗിച്ചു: പോലിസ്‌

ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഹിന്ദുത്വ സംഘം ഓരോ ഓപ്പറേഷനും പരസ്പരം ബന്ധപ്പെടാന്‍ പ്രത്യേകം പ്രത്യേകം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി പോലിസ്.
കര്‍ണാകടകയിലും മഹാരാഷ്ട്രയിലുമായി 2013 മുതല്‍ സംഘം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പുരോഗമന ചിന്താഗതിയുള്ള മൂന്നു പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഇതിനായെല്ലാം പരസ്പരം ബന്ധപ്പെടുന്നതിന് വേറെ വേറെ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ അമോല്‍ കാലെ, സുജീത് കുമാര്‍ എന്നിവരുടെ വീടുകളില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്. കാലെയില്‍ നിന്ന് 20 ഫോണുകളും സുജീതില്‍ നിന്ന് 22 ഫോണുകളും കണ്ടെത്തി. സംഘത്തിലുള്ളവര്‍ക്ക് അവരുടെ ഓപ്പറേഷനുകളുടെ വിവരങ്ങള്‍ കൈമാറാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു ഈ 42 ഫോണുകളും. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ ഇരുവരും ഡസനിലധികം ആളുകളെ സംഘത്തിലേക്ക് ചേര്‍ത്തിട്ടുണ്ട്. കാലെ പൂനെ ആസ്ഥാനമായുള്ള സനാതന്‍ സസ്തയുടെ മുന്‍ കോര്‍ഡിനേറ്ററും സുജീത് ഹിന്ദുജാഗരണ്‍ സമിതി പ്രവര്‍ത്തകനുമാണ്. പ്രമുഖ കന്നഡ എഴുത്തുകാരനായ കെ എസ് ഭഗവാനെ കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കൊലകള്‍ക്കായി തീവ്രസ്വഭാവമുള്ള യുവാക്കളെയായിരുന്നു സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. ഗൗരിയ്‌ക്കെതിരേ വെടിയുതിര്‍ത്ത പരശുറാം വാഗ്മാരെ, വാഗ്മാരെയെ ഗൗരിയുടെ വീട്ടിനു മുന്നില്‍ ബൈക്കിലെത്തിച്ച ഗണേഷ് മിസ്‌കിന്‍, കൊലനടത്തിയ ശേഷം വാനില്‍ കയറ്റി ദൂരെ എത്തിച്ച അമിത് ബാദ്ദി എന്നിവരെയെല്ലാം കാലെയും സുജീതും ചേര്‍ന്ന് റിക്രൂട്ട് ചെയ്തതാണ്.
സിദ്ദഗിരിയില്‍ പാകിസ്താന്‍ പതാകനാട്ടി കലാപമുണ്ടാക്കാന്‍ ശ്രമിച്ച ശ്രീരാം സേന സംഘത്തിലെ അംഗമായിരുന്നു വാഗ്മാരെ, 2012ലും 13ലും ഹൂബ്ഌയില്‍ ശ്രീരാമസേന നടത്തിയ വര്‍ഗീയ കലാപത്തില്‍ പങ്കാളികളായവരാണ് മിസ്‌കീനും ബാദ്ദിയും. ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ഇവരെ റിക്രൂട്ട് ചെയ്തതെന്നും കാലെയും സുജീതും പോലിസിനോട് പറഞ്ഞു.

RELATED STORIES

Share it
Top