കൊലപാതക കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി അറസ്റ്റില്‍

കുന്നംകുളം: ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്തശേഷം മുങ്ങിയ ആളെ കുന്നംകുളം പോലിസ് പിടികൂടി. കര്‍ണാടക സ്വദേശി കോലാര്‍ നമ്മാത്ത് നഗറില്‍ പ്യാരിജന്റെ മകന്‍ നജീബ് പാഷയെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം. കടവല്ലൂര്‍ പഞ്ചായത്തിലെ കോടത്തുകുണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോളോബ്രിക്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇതരസംസ്ഥാന തൊഴിലാളി അബ്ദുല്‍ സത്താറിനെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു പ്രതി. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. കേസില്‍ ഹാജരാവാന്‍ കേരളത്തിലേക്കു വരാതെ കര്‍ണാടകയില്‍ ഒളിവിലായിരുന്നു പ്രതി. പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാ ള്‍ പിടിയിലാവുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ യു കെ ഷാജഹാന്‍, എസ് സന്തോഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷിനു, വൈശാഖ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top