കൊലപാതകികളെ രക്ഷിക്കാന്‍ ബിജെപി മന്ത്രിമാര്‍, കൂട്ടിന് കോണ്‍ഗ്രസ് നേതാവും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്‌വയിലുള്ള രസാന ഗ്രാമത്തില്‍ ആസിഫയെന്ന എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തിലെ പ്രതികളെ രക്ഷിക്കാന്‍ സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നത് ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍. പിഡിപി-ബിജെപി മന്ത്രിസഭയിലെ വനംമന്ത്രിയും ബിജെപി നേതാവുമായ ചൗധരി ലാല്‍സിങിന്റെ അടുത്ത കൂട്ടാളികളായ ഭാഗ്മല്‍ ഖജൂരിയയും സുധേശ്കുമാര്‍ ശര്‍മയും നേതൃത്വം നല്‍കുന്ന ഹിന്ദു ഏകതാ മഞ്ചാണ് ഹൈന്ദവ വികാരം ഇളക്കിവിട്ട് പ്രതികളെ രക്ഷിക്കാനും പ്രദേശത്തെ നാടോടി മുസ്‌ലിംകളെ ആട്ടിപ്പായിക്കാനുമുള്ള ശ്രമം നടത്തുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവും കൂട്ട ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചുമായ കാന്ത്കുമാറും ഇവരോടൊപ്പമുണ്ട്.
ആസിഫയെ ക്രൂരമായി പീഡിപ്പിച്ചതിനെതിരായ ബക്കര്‍വാല്‍ മുസ്‌ലിംകളുടെ പ്രതിഷേധത്തെ നേരിടുകയും ബ്രാഹ്മണരും രജപുത്രരും ഉള്‍പ്പെട്ട പ്രദേശത്തെ സവര്‍ണ ഹൈന്ദവ വിഭാഗത്തെ ഏകോപിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ഹിന്ദു ഏകതാ മഞ്ചിന് രൂപം നല്‍കിയത്. ജനുവരി 17ന് ആസിഫയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സംഘടന പൊട്ടിമുളച്ചത്.
ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ വിജയ് ശര്‍മയാണ് ഹിന്ദു ഏകതാ മഞ്ചിന്റെ പ്രസിഡന്റ്. തുടക്കത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുകൂലമായിരുന്നു സംഘടന. ഈ അവസരത്തില്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്ന് ആസിഫയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസിലെ പ്രധാന പ്രതികളിലൊരാളും സ്‌പെഷ്യല്‍ പോലിസ് ഓഫിസറുമായ ദീപക് ഖജൂരിയ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പ്രതികള്‍ മുഴുവന്‍ ഹിന്ദുക്കളാണെന്നു വ്യക്തമാവുകയും ചെയ്തതോടെ സംഘടന ചുവടുമാറ്റി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് രംഗത്തെത്തുകയായിരുന്നു. ദേശീയപതാകയേന്തിയും അല്ലാതെയും നിരവധി പ്രതിഷേധ മാര്‍ച്ചുകളാണ് മഞ്ചിന്റെ നേതൃത്വത്തില്‍ നടന്നത്. തീവ്ര ദേശീയവികാരം കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ത്രിവര്‍ണപതാകയേന്തിയുള്ള പ്രകടനം.
മറ്റു പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കളും മഞ്ചിന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും നേതൃത്വം ബിജെപിക്കാണ്. ബിജെപി മന്ത്രിമാരായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയും മഞ്ച് സംഘടിപ്പിച്ച റാലികളില്‍ പങ്കെടുക്കുകയും സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. നിരപരാധികളെയാണ് പോലിസ് അറസ്റ്റ് ചെയ്യുന്നതെന്ന ബിജെപി മന്ത്രിമാരുടെ പ്രസ്താവന മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കും തലവേദന സൃഷ്ടിച്ചിരുന്നു.
ബുധനാഴ്ച മഞ്ചിന്റെ നേതൃത്വത്തില്‍ കത്‌വയിലും സാംബയിലും വലിയ പ്രതിഷേധമാണു നടന്നത്. ജമ്മുകശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഇവര്‍ക്ക് പിന്തുണയുമായെത്തി. ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. തിങ്കളാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലിസിനെ കത്‌വ ബാര്‍ അഭിഭാഷകര്‍ തടഞ്ഞത് ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു. ജമ്മുവിലും പരിസരത്തുമുള്ള കുടിയേറ്റക്കാരെ നാടുകടത്തണമെന്ന ആവശ്യവും ബാര്‍ അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സുദര്‍ശന്‍ ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് ചാവ്ചങ്കെയുടെ നേതൃത്വത്തിലുള്ള രാഷ്ട്രനിര്‍മാണ്‍ സംഘടനും ജമ്മുവിലെ മുസ്‌ലിംകള്‍ക്കു നേരെ വര്‍ഗീയവികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നുണ്ട്.

RELATED STORIES

Share it
Top