കൊലപാതകത്തിനു പിന്നില്‍ കവര്‍ച്ചയെന്നു സംശയം

ഇരിക്കൂര്‍: ബ്ലാത്തൂരില്‍ ചെങ്കല്‍ തൊഴിലാളിയായ അസം സ്വദേശി സഹദേവ് റായിയുടെ കൊലപാതകത്തിനു പിന്നില്‍ കവര്‍ച്ചാശ്രമമെന്നു പ്രാഥമിക നിഗമനം. സഹദേവ് റായ് ഇന്നലെ രാവിലെ നാട്ടിലേക്ക് പോവാനൊരുങ്ങി നില്‍ക്കുന്നതിനിടെയാണു ദാരുമാന്ത്യം. ഇതിനായി തിങ്കളാഴ്ച ബന്ധു കണ്ണൂരിലേക്ക് തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോവുകയും ചെയ്തിരുന്നു. ചെങ്കല്‍ മേഖലകളില്‍ ജോലി ചെയ്തു വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വര്‍ഷത്തിലൊരിക്കലാണ് മിക്കവാറും നാട്ടില്‍ പോവാറുള്ളത്. ചിലര്‍ ആറ് മാസം കഴിഞ്ഞും പോവാറുണ്ട്.
തൊഴിലാളികള്‍ നാട്ടിലേക്കു പോവുമ്പോള്‍ ഇവരുടെ പക്കല്‍ അതുവരെ ജോലി ചെയ്തു കിട്ടിയ കൂലിയുണ്ടാകും. ഇത് പതിനായിരങ്ങളും ലക്ഷങ്ങളുമുണ്ടാവും. സഹദേവ് റായിയുടെ പക്കലും ഇതുപോലെ പണമുണ്ടായിരുന്നത് അറിയുന്നവരാണ് കൂടെ താമസിക്കുന്നവരും ക്വാറിയില്‍ പണിയെടുക്കുന്നവരും. വീട്ടിലേക്ക് കൊണ്ടുപോവാന്‍ വച്ച പണമെല്ലാം കവര്‍ന്ന ശേഷം കൊല ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
പ്രതിരോധിക്കാന്‍ പോലും ആവാത്ത വിധം മലര്‍ത്തിക്കിടത്തി കുത്തിക്കൊന്ന നിലയില്‍ കാണപ്പെട്ടതിനാല്‍ സംഭവത്തില്‍ ഒരാള്‍ മാത്രമല്ലെന്നുമുള്ള സംശയം ബലപ്പെട്ടിരിക്കയാണ്. ഏതായാലും കസ്റ്റഡിയിലുള്ള  ബന്ധുക്കളടക്കമുള്ള എട്ടുപേരില്‍ നിന്ന് പ്രതികളെ കണ്ടെത്താനാവുമെന്നു തന്നെയാണ് പോലിസിന്റെ വിശ്വാസം.

RELATED STORIES

Share it
Top