കൊലക്കേസ് പ്രതിയുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

തലശ്ശേരി: തളിപ്പറമ്പ് ബക്കളം വായാട് അബ്ദുല്‍ ഖാദര്‍ വധം ഉള്‍പ്പെടെ 23 കേസുകളില്‍ പ്രതിയായ പരിയാരം കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോട്ട് എം വി അബ്ദുല്‍ ലത്തീഫിന്റെ(42) ജാമ്യം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി. വിദേശത്ത് ഒരു വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിഞ്ഞ ഇയാള്‍ക്ക് ഇക്കഴിഞ്ഞ അഞ്ചിന് പയ്യന്നൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗം കേള്‍ക്കാതെയാണ് ഇത്രയും കേസുകളില്‍ പ്രതിയായ ലത്തീഫിന് ജാമ്യം നല്‍കിയത്. ഇതിനെതിരേ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് നിയമപരമല്ലെന്നു കാണിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍ മുഖേന തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ റിവിഷന്‍ ഹരജി നല്‍കി. ജാമ്യം നല്‍കുന്നതിനു മുമ്പ് പ്രോസിക്യൂഷന് നോട്ടീസ് നല്‍കുകയോ വാദം കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.
എസ്‌ഐ കെ എം രാജനെ വധിക്കാന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ 17 കേസുകളിലും, തളിപ്പറമ്പ് സ്‌റ്റേഷനില്‍ ആറു കേസുകളിലും പ്രതിയാണ് ലത്തീഫ്.

RELATED STORIES

Share it
Top