കൊലക്കേസ് പ്രതിയായ ആര്‍എസ്എസുകാരനെ വാഹനമിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു : കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്നു ഹര്‍ത്താല്‍പയ്യന്നൂര്‍ (കണ്ണൂര്‍): സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ വാഹനമിടിച്ചു വീഴ്ത്തിയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് പയ്യന്നൂര്‍ എട്ടിക്കുളം കക്കംപാറ മൊട്ടക്കുന്നിലെ ചൂരക്കാടന്‍ ടി പി ബിജു(32)വാണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകന്‍ രാമന്തളി കുന്നരുവില്‍ സി വി ധനരാജിനെ വധിച്ച കേസില്‍ 12ാം പ്രതിയാണ് ബിജു. ഇന്നലെ വൈകീട്ട് 3.45ഓടെയാണ് സംഭവം. സുഹൃത്ത് രാജേഷ് ഓടിച്ചിരുന്ന ബൈക്കില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ബിജു. കക്കംപാറയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പിന്തുടര്‍ന്നെത്തിയ സില്‍വര്‍ നിറത്തിലുള്ള ഇന്നോവ കാര്‍ മുട്ടം പാലത്തിനും പാലക്കോട് സെന്‍ട്രലിനും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ബിജുവിനെ കാറില്‍നിന്നിറങ്ങിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട സുഹൃത്ത് രാജേഷ് ഓടിരക്ഷപ്പെട്ടു. അക്രമത്തിനുശേഷം ഇന്നോവ കാര്‍ പാലക്കോട് ഭാഗത്തേക്ക് ഓടിച്ചുപോയി. വെട്ടേറ്റു നിലത്തുവീണ ബിജുവിനെ അരമണിക്കൂറിനു ശേഷമെത്തിയ പഴയങ്ങാടി പോലിസ് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപിയും ആര്‍എസ്എസും ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.  ധനരാജ് വധക്കേസില്‍ ബിജു ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. റിമാന്‍ഡിലായിരുന്ന ബിജു ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. വധഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച വരെ ബിജുവിന്റെ വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പോലിസിനെ പിന്‍വലിച്ചത്.  കണ്ണൂര്‍ റെയ്ഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. കക്കംപാറയിലെ പുരുഷോത്തമന്‍-ചൂരക്കാട്ട് നാരായണി ദമ്പതികളുടെ മകനാണ് ബിജു. സഹോദരങ്ങള്‍: ബിന്ദു, സുനില്‍, രതീഷ്, സുഭാഷ്.

RELATED STORIES

Share it
Top