കൊലക്കേസില്‍ മുന്‍ എംപി ശഹാബുദ്ദീന് ജീവപര്യന്തം

സിവാന്‍ (ബിഹാര്‍): രണ്ടു സഹോദരന്മാരെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ആ ര്‍ജെഡി മുന്‍ എംപി മുഹമ്മദ് ശഹാബുദ്ദീനും മറ്റു മൂന്നു പേര്‍ക്കും ജില്ലാ കോടതി ജീവപര്യന്തം തടവു വിധിച്ചു. ശഹാബുദ്ദീന് 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2004 ആഗസ്ത് 16നാണ് കേസിനാസ്പദമായ സംഭവം. ചന്ദ്രശേഖര്‍ പ്രസാദ് എന്ന ആളുടെ മക്കളായ ഗിരീഷ്, സതീഷ്, രാജീവ് റോഷന്‍ എന്നിവരെ ഗോശാലയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരി ല്‍ ഗിരീഷ്, സതീഷ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. രാജീവ് റോഷന്‍ രക്ഷപ്പെട്ടു. രാജ്കുമാര്‍ഷാ, ശെയ്ഖ് അസ്‌ലം, ആരിഫ് ഹുസയ്ന്‍ എന്നിവരാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിച്ചവരുടെ അമ്മ കലാവതിദേവിയുടെ പരാതിയില്‍ ശഹാബുദ്ദീന്റെ മൂന്ന് അനുയായികള്‍ക്കെതിരേയായിരുന്നു പോലിസ് കേസെടുത്തത്. ഗൂഢാലോചനക്കുറ്റത്തിന് പിന്നീട് ശഹാബുദ്ദീനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. രക്ഷപ്പെട്ട സഹോദരന്‍ രാജീവ് റോഷനായിരുന്നു കേസിലെ ഏക ദൃക്‌സാക്ഷി. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂണ്‍ 16ന് അദ്ദേഹവും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വിവിധ കേസുകളില്‍ പ്രതിയായ ശഹാബുദ്ദീന്‍ സിവാന്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ നേതാവായ ശഹാബുദ്ദീന്‍ 1996 മുതല്‍ 2009 വരെ സിവാന്‍ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേസി ല്‍ പ്രതിയായശേഷം ശഹാബുദ്ദീന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല.

RELATED STORIES

Share it
Top