കൊലക്കേസില്‍ ആള്‍ദൈവം രാംപാലിനു ജീവപര്യന്തം

ചണ്ഡീഗഡ്: 2014ല്‍ നാലു സ്ത്രീകളെയും ഒരു കുട്ടിയെയും കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം രാംപാല്‍ അടക്കം 15പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 343 (തടങ്കലില്‍ പാര്‍പ്പിക്കല്‍), 120ബി (ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കേസ് പരിഗണിച്ച കോടതി ഈമാസം 11ന് കണ്ടെത്തിയിരുന്നു. ജയില്‍ശിക്ഷയ്ക്കു പുറമേ അഞ്ചു പ്രതികളും 2.05 ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടതായി രാംപാലിന്റെ അഭിഭാഷകന്‍ അറിയിച്ചു. രാംപാലിനെതിരായ മറ്റൊരു കേസില്‍ കോടതി ഇന്നു ശിക്ഷവിധിക്കും. ഒരു സ്ത്രീ കൊല്ലപ്പെട്ട കേസിലാണ് ഇന്ന് ശിക്ഷാവിധി പറയുന്നത്. രാംപാല്‍ അടക്കം 14 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2014 നവംബറിലാണ് കേസിനാസ്പദമായ ആദ്യ സംഭവം. ബര്‍വാലയിലെ ആശ്രമത്തില്‍ പോലിസും രാംപാല്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് നാലു സ്ത്രീകളും ഒരു കുട്ടിയും മരിച്ചത്. 2014 നവംബര്‍ 18ന് രാംപാലിന്റെ ഹിസാറിലെ ആശ്രമത്തില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസാണ് രണ്ടാമത്തേത്.
ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 80ഓളം ദൃക്‌സാക്ഷികളെയാണു കേസില്‍ വിസ്തരിച്ചത്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു രാംപാലിന്റെ അഭിഭാഷകന്‍ എ പി സിങ് പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 2000ഓളം സുരക്ഷാ ജീവനക്കാരെ കോടതിപരിസരങ്ങളില്‍ വിന്യസിച്ചിരുന്നു.

RELATED STORIES

Share it
Top