'കൊലക്കുറ്റം ഒഴിവാക്കാന്‍ മോദിയും ഷായും സമീപിച്ചു': രാംജത്മലാനി

ന്യൂഡല്‍ഹി: കൊലക്കുറ്റത്തില്‍ നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തന്നെ സമീപിച്ചിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാംജത്മലാനി. ബംഗളൂരുവില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവെയാണ് ജത്മലാനി ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണച്ചത് വലിയ വിഡ്ഢിത്തമായെന്നു ജത്മലാനി പറഞ്ഞു. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനമാണ് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചത്.  എന്നാല്‍, ഇതോരു പൊള്ളയായ വാഗ്ദാനമായിരുന്നു എന്നറിഞ്ഞതോടെ താന്‍ വിഡ്ഢിയായി.
1,400 ഇന്ത്യന്‍ സമ്പന്നര്‍ 90 ലക്ഷം കോടി രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതിനെതിരേ 2009 മുതല്‍ താന്‍ പോരാടുന്നുണ്ട്. ഇത് തിരിച്ചെത്തിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും സഹായം അഭ്യര്‍ഥിച്ചിരുന്നു. അവര്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍, അവര്‍ തന്റെ വീട്ടിലെത്തിയത് എന്തിനാണെന്ന കാര്യം പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇരു വരും കൊലക്കുറ്റത്തിന് കേസ് നേരിടുന്നവരായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ സമീപിച്ചത്.
കള്ളപ്പണത്തിനെതിരായ തന്റെ പോരാട്ടം അവസാനിപ്പിക്കണമെന്ന് മോദിയും ഷായും പറഞ്ഞിരുന്നു. എന്നാല്‍, തന്റെ പോരാട്ടം തുടരുകയാണ്. ഇതു സംബന്ധിച്ച കേസ് ജൂലൈ 15ന് സുപ്രിംകോടതി മുമ്പാകെ വരുന്നുണ്ട്. കേന്ദ്രത്തിന്റെ നിലപാട് അപ്പോള്‍ അറിയാമെന്നു മുന്‍ ബിജെപി നേതാവും വാജ്‌പേയി മന്ത്രിസഭയില്‍ അംഗവുമായിരുന്ന ജത്മലാനി പറഞ്ഞു. മോദിയെയും അമിത് ഷായെയും ഒരു പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കര്‍ണാടകയിലെ വോട്ടര്‍മാര്‍ ബിജെപിയെ പരാജയപ്പെടുത്തും. 2019ല്‍ ബിജെപി നാണംകെട്ട തോല്‍വിയാവും ഏറ്റുവാങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top