കൊലക്കത്തിയുമായി നടക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല: പന്ന്യന്‍ രവീന്ദ്രന്‍

മരട്: കൊലക്കത്തിയുമായി നടക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും അത് കാടന്‍മാരുടെ പ്രവര്‍ത്തിയാണെന്നും നിഷേധ കുറിപ്പുകൊണ്ട് രക്ഷപ്പെടാമെന്നു  കരുതേണ്ടന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മരടില്‍ സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് വന്ന ഇ ജി സോമനെ മര്‍ദ്ദിച്ച  അക്രമികളെ പിടിക്കാത്തതില്‍ പ്രതിഷേധിച്ചു പേട്ടയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ ജനസേവനമായിരിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ജാഗ്രതയുള്ള സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും ആ സര്‍ക്കാരിന് ഈ സംഭവം മൂലം അപവാദമുണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പോലിസ് രാഷ്ട്രീയക്കാരുടെ പിണിയാളായി മാറരുതെന്നും പോലിസിനു താക്കീതു നല്‍കി.
ഈ ക്വട്ടേഷന്‍ സംഘത്തിന്റെ പിന്നില്‍ പാര്‍ട്ടി ഉണ്ടെങ്കില്‍ ഇതുപോലുള്ള ആളുകളെ നിലക്ക് നിര്‍ത്താന്‍ അവര്‍ക്കു കഴിയണം. ഇവര്‍ സിപിഎം കാരാണെന്ന് താന്‍ കരുതുന്നില്ലെന്നും സിപിഎമ്മിന്റെ കുപ്പായം ഇട്ടു നടക്കുന്നവരാണെന്നും അദ്ദേഹം പറയുകയുണ്ടായി.
അടി കൊള്ളാനും വെട്ടിക്കൊല്ലാനും ജയിലില്‍ പോവാതിരിക്കാനും തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേട്ട ജങ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പവി ലിയനില്‍ നടന്ന ധര്‍ണ സമരത്തില്‍ മണ്ഡലം സെക്രട്ടറി പി വി ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കെ എന്‍ ദിനകരന്‍, സി വി ശശി, ടി രഘുവരന്‍, കുമ്പളം രാജപ്പന്‍, ടി സി സന്‍ജിത്, എം വി അരുണ്‍, എ കെ സജീവന്‍, കെ ആര്‍ റെനീഷ് സംസാരിച്ചു.——

RELATED STORIES

Share it
Top