കൊറ്റി സംരക്ഷണം: പ്രഖ്യാപനം പ്രഹസനമായി

ഹരിപ്പാട്: അപ്പര്‍ കുട്ടനാട്ടി ല്‍പെടുന്ന  പാണ്ടി  തകഴി പഞ്ചായത്തിലെ  കേളമംഗലം വീയപുരം പഞ്ചായത്തിലെ പായിപ്പാട് പ്രദേശങ്ങളെ ഉള്‍പ്പെടുത്തി  കൊറ്റി സംരക്ഷണ കേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട്  ഒരു പതിറ്റാണ്ട്  പിന്നിട്ടു.  എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനാല്‍  പ്രഖ്യാപനം  പ്രഹസനമായി  തുടരുകയാണ്.
വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ   കാലയളവിലാണ് അപൂര്‍വമായ  പ്രഖ്യാപനം  നടന്നത്. വീയപുരം,   പാണ്ടി,   തകഴി  പ്രദേശങ്ങളില്‍ വന്‍തോതിലാണ്  കൊറ്റിക(കൊക്കുകള്‍) ളുടെ സാന്നിദ്ധ്യമുള്ളത്. നാടന്‍ കൊറ്റികള്‍ക്ക് പുറമെ  വിദേശ ഇനങ്ങളിലുള്ളവയേയും ഇവിടെ യഥേഷ്ടം കാണാം. എന്നാല്‍ പ്രഖ്യാപനത്തില്‍ സംരക്ഷണമുണ്ടെങ്കിലും ഫലത്തില്‍ വന്‍ തോതിലാണ്  ഈ പറവകള്‍ വേട്ടയാടപ്പെടുന്നത്.
വെള്ള,  കറുപ്പ് , ഗ്രെ നിറങ്ങളില്‍  വ്യത്യസ്ഥ  വലിപ്പങ്ങളിലും  ആ കൃതിയിലുമുള്ള കൊക്കുകളെ ഇവിടെ കണാം.  പാടശേഖരങ്ങളില്‍ നൈലോണ്‍ നൂലുകള്‍  വലിച്ചും  എയര്‍ഗണ്‍ ചവണ എന്നിവ ഉപയോഗിച്ചുമാണ്  ഇവയെ  വേട്ടയാടുന്നത്. പ്രഖ്യാപിത പ്രദേശങ്ങളില്‍  മൃഗ സംരക്ഷണ വകുപ്പിന്റെ  ഓഫീസോ ഒന്ന ജീവനക്കാരനോ  ഇല്ല  കുട്ടനാട്  അപ്പര്‍കുട്ടനാട്  പ്രദേശങ്ങളിലെ  മദ്യ ഷാപ്പുകളില്‍ കൊക്കിന്റെ  മാംസം യഥേഷ്ടം  ലഭിക്കും.
കൊക്കിറച്ചിക്ക്  മാത്രമായി  നിരവധി ആളുകളും  കുട്ടനാടന്‍  ഷാപ്പുകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്.    ഇതിനാല്‍ വേട്ടയാടലിനും  നിയന്ത്രണങ്ങളില്ല.  കൊറ്റിമാംസം  നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് ഷാപ്പുകളില്‍ ഏറെ പ്രിയവും കച്ചവടം ലാഭകരവുമാണ് .മുമ്പ് നിരോധിത മാംസങ്ങള്‍ പിടിക്കുന്നതിനായി  ഷാപ്പുകളില്‍  സ്‌ക്വാഡുകളുടെ  നിരീക്ഷണങ്ങള്‍ സാധാരണമായിരുന്നു. നിരവധി ഷാപ്പുകള്‍ ഇതിന്റെ പേരില്‍ പൂട്ടിയിട്ടുമുണ്ട്.   ഇന്നാകട്ടെ  സ്‌ക്വാഡുകള്‍ ഉണ്ടെങ്കിലും പരിശോധനകള്‍ കാര്യക്ഷമമല്ല.
കൊറ്റിവേട്ടക്ക് ഇവിടെ  പ്രത്യേക സംഘങ്ങളാണ്   പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ പോയാല്‍ വംശനാശം നേരിട്ടുന്ന ജീവികളില്‍  ഇവ കൂടി  ഉള്‍പ്പെടുമെന്ന് പക്ഷി നീരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.  ഒരു വേട്ടക്കാരന്‍  പതിനഞ്ച് മുതല്‍  ഇരുപത്തിയഞ്ച്  വരെ എണ്ണത്തിനെ വേട്ടയാടി പിടിക്കുന്നുണ്ട്. പ്രതിദിനം നടത്തുന്ന  ഈ പ്രവര്‍ത്തി  ഓരോ ദിവസവും വ്യത്യസ്ത    ദിക്കുകളിലാണെന്ന് മാത്രം. വേട്ടയാടുന്നവര്‍ക്കെതിരെ യാതൊരു  നടപടിയുമില്ലാത്തത് ഈ സാമൂഹു വിരുദ്ധര്‍ക്ക് പ്രചോദനമാക്കുന്നുണ്ട് ‘ പ്രഖ്യാപിത പ്രദേശങ്ങളില്‍ കൊറ്റി സംരക്ഷണ കേന്ദ്രമെന്ന തകരഷീറ്റില്‍ തീര്‍ത്ത സൂചനാ ബോര്‍ഡുകള്‍ മാത്രമാണ് ഉള്ളത്.  കുട്ടനാട്ടില്‍ പക്ഷിപ്പനികള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊക്ക്,   ആമ,   താറാവ്,  കോഴി  ഇങ്ങനെ നിരവധി ജീവികള്‍  ചത്തൊടുങ്ങുന്നുമുണ്ട്. അതിനാല്‍  കൊറ്റികളുടെ സംരക്ഷണം പ്രഖ്യാപനത്തിലൊതുക്കാതെ   പദ്ധതി പ്രദേശത്ത് നിരീക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്നാണ് പക്ഷി സ്‌നേഹികള്‍ ആവശ്യപ്പെടുന്നത്.
പരിശോധനകള്‍ കാര്യക്ഷമമാക്കി സംരക്ഷണം ഉറപ്പുവരുത്തണം. വേട്ടയാടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം  ‘ പ്രദേശത്ത് മരണ കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള   ലാബുകള്‍ സ്ഥാപിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് നാട്ടുകാരും ഉയര്‍ത്തുന്നത്.

RELATED STORIES

Share it
Top