കൊറിയന്‍ പ്രതിസന്ധി : ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് ട്രംപ്‌വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ ബഹുമതിയായി കരുതുന്നതായും ബ്ലൂബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. അനുകൂല സാഹചര്യമുണ്ടായാല്‍ കൂടിക്കാഴ്ച നടത്തും. ഉത്തര കൊറിയയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന തിരിച്ചറിവാണ് അടവ് മാറ്റാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. അതേസമയം, ഉപാധികളോടെയായിരിക്കും കൂടിക്കാഴ്ചയെന്നു വൈറ്റ്ഹൗസ് അറിയിച്ചു. ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതുള്‍പ്പെടെയുള്ള ഉപാധികള്‍ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ കിം ജോങ് ഉന്നിനെ പ്രകീര്‍ത്തിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചത്. കൗശലക്കാരനും സമര്‍ഥനുമായ ഭരണാധികാരിയാണ് കിം ജോങ് ഉന്‍. കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു ജനതയെ അനായാസം നയിക്കാന്‍ ഉന്നിനു സാധിച്ചുവെന്നും ട്രംപ് പ്രകീര്‍ത്തിച്ചിരുന്നു. ഉന്നിനെ സ്മാര്‍ട്ട് കുക്കി എന്നാണ് അഭിമുഖത്തിനിടെ ട്രംപ് വിശേഷിപ്പിച്ചത്. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് യുഎസ് ആവശ്യം. അതേസമയം, ട്രംപിന്റെ പ്രസ്താവന യുഎസ് നേതാക്കളില്‍ ആശങ്കയ്ക്കിടയാക്കി. ചര്‍ച്ച നടക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പറഞ്ഞു. ഉത്തര കൊറിയ അവരുടെ സ്വഭാവത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ച നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ദക്ഷിണ കൊറിയയിലെ വിവാദമായ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തനസജ്ജമായെന്ന് യുഎസ് സൈന്യം അറിയിച്ചു.

RELATED STORIES

Share it
Top