കൊറിയന്‍ ഉച്ചകോടി ഏപ്രില്‍ 27ന്‌പ്യോങ്യാങ്/

സോള്‍: ഉത്തര-ദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കുള്ള തിയ്യതി പ്രഖ്യാപിച്ചു. അടുത്ത മാസം 27നാണ് ഉച്ചകോടിയെന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. ഇരുകൊറിയകള്‍ക്കുമിടയിലെ സൈനികരഹിത മേഖലയിലെ പാന്‍മുന്‍ജോം ഗ്രാമത്തില്‍ വച്ചായിരുന്നു ഉന്നതതല ചര്‍ച്ച.
ഏപ്രില്‍ 27ന് പാന്‍മുന്‍ജോമിലെ സമാധാന മന്ദിരത്തിലാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ച നടത്തുക. 2007നു ശേഷം ഇതാദ്യമായാണ് ഉത്തര-ദക്ഷിണ കൊറിയകളുടെ ഉച്ചകോടി. 1950-53 കാലത്തെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഉഭയകക്ഷി ചര്‍ച്ചയെന്ന പ്രത്യേകതയും ഏപ്രിലിലെ ഉച്ചകോടിക്കുണ്ട്. വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണങ്ങളുടെ പേരില്‍ രൂപപ്പെട്ട നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്കു നയിക്കുന്ന പ്രധാന ചുവടുവയ്പായാണ് ഉച്ചകോടി വിലയിരുത്തപ്പെടുന്നത്.
ഉത്തര കൊറിയയുടെ ആണവ നിരായുധീകരണവും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് ഉച്ചകോടിയില്‍ പ്രാധാന്യം ലഭിക്കുക. ഉച്ചകോടിയുടെ വേദി പാന്‍മുന്‍ജോമായിരിക്കുമെന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും നേരത്തേ ധാരണയിലെത്തിയിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും സന്നദ്ധത അറിയിച്ചതിനു പിറകെയാണ് ഉച്ചകോടിക്കായി പ്രാഥമിക ധാരണയിലെത്തിയത്. ദക്ഷിണ കൊറിയന്‍ സംഘം ഈ മാസം ഉത്തര കൊറിയയിലെത്തി കിം ജോങ് ഉന്നിനെ സന്ദര്‍ശിച്ചിരുന്നു.
ഉച്ചകോടിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളില്‍ അടുത്തമാസം നാലിന് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമെടുക്കുമെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. നിരവധി പ്രശ്‌നങ്ങള്‍ പ്രായോഗിക തലത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഉച്ചകോടിയുടെ ചരിത്രപരമായ പ്രാധാന്യം ഇരുരാജ്യങ്ങളും മനസ്സിലാക്കിയാല്‍ അവയെല്ലാം സുഗമമായി പരിഹരിക്കാനാവുമെന്നു കൂടിക്കാഴ്ചയില്‍ പങ്കെടുത്ത, ഉത്തര കൊറിയന്‍ പ്രതിനിധി റി സോന്‍ ഗ്വോണ്‍ വ്യക്തമാക്കി.
ഇരു കൊറിയകളുടെയും സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി ചൈന പ്രതികരിച്ചു. ആണവ നിരായുധീകരണത്തിന് കിം ജോങ് ഉന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കിം ജോങ് ഉന്‍ ആണവ നിരായുധീകരണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചത്. നിരായുധീകരണ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തും. മെയ് മാസത്തിലാണ് കൂടിക്കാഴ്ച.

RELATED STORIES

Share it
Top