കൊയ്ത്തുകാലം; മഴ ആശങ്കയുയര്‍ത്തുന്നു

പനമരം: ജില്ലയില്‍ കൊയ്ത്തുകാലമായി. കാര്‍മേഘങ്ങള്‍ പൂര്‍ണമായി വിട്ടുനില്‍ക്കാത്തതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂലിയും അനുബന്ധ ചെലവും കൂടിയതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
ജില്ലയിലെ പാടശേഖര സമിതികള്‍ക്ക് മെതിയെന്ത്രവും ചെറിയ ഇനം കൊയ്ത്തു യന്ത്രവും ലഭിച്ചിട്ടുണ്ടെങ്കിലും കൊയ്ത്തും മെതിയും ഒന്നിച്ചു നടത്തുന്ന വലിയ യന്ത്രം ലഭ്യമല്ല. തമിഴ്‌നാട്ടില്‍ നിന്നു വരുന്ന കൊയ്ത്തുയന്ത്രത്തെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂരിഭാഗം കര്‍ഷകരും ആശ്രയിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വയനാട് നെല്‍കൃഷിയാല്‍ പ്രസിദ്ധമായിരുന്നു. ഇക്കാരണത്താല്‍ കുന്നുകള്‍ നിറഞ്ഞ ഈ ഭൂപ്രദേശത്തെ വയല്‍നാട് എന്നു വിളിച്ചുവന്നു. കാലക്രമത്തില്‍ വയല്‍നാട് ലോപിച്ച് വയനാട് ആയി. കാല്‍ നൂറ്റാണ്ടു മുമ്പ് 50,000 ഹെക്റ്ററോളം നെല്‍കൃഷിയുണ്ടായിരുന്ന ജില്ലയിലിപ്പോള്‍ 20,000 ഹെക്റ്ററില്‍ താഴെ മാത്രമേ നെല്‍കൃഷിയുള്ളൂ. പാരമ്പര്യ കൃഷി വ്യാവസായിക ചിന്തയിലേക്കുയര്‍ന്നപ്പോള്‍ പരമ്പരാഗത നെല്‍വിത്തുകള്‍ കര്‍ഷകര്‍ കൈവിട്ടു. ജൈവകൃഷിയില്‍ നിന്നു കര്‍ഷകര്‍ രാസകീടനാശിനിയില്‍ അധിഷ്ഠിതമായ കൃഷിയിലേക്ക് വഴിമാറി. ഇതിലൂടെ പല മാരക രോഗങ്ങളും ഗ്രാമീണ മേഖലകളില്‍ വരെ സര്‍വസാധാരണമായി. ഇതിനെതിരേ ഒറ്റപ്പെട്ടതാണെങ്കിലും ജൈവകൃഷി രീതിയിലേക്ക് കര്‍ഷകര്‍ ചുവടുമാറുന്നുണ്ടെന്നതു വയനാടിനെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്.

RELATED STORIES

Share it
Top