കൊയ്ത്തിന് പാകമായ നെല്‍പ്പാടത്ത് എലി വെട്ട് ശല്യം രൂക്ഷം

നെന്മാറ: രണ്ടാം വിളകൃഷിയിറക്കിയ നെല്‍പാടങ്ങളില്‍ കൊയ്ത് എടുക്കാന്‍ പാകമായ നെല്‍ച്ചെടികളിലാണ് എലി വെട്ട് ശല്യം കൂടിയത്. കതിരണിഞ്ഞ നെല്‍ച്ചെടികളാണ് എലികള്‍ വെട്ടിനശിപ്പിക്കുന്നത്. വെട്ടിമാറ്റിയ നെല്ല് കതിരുകള്‍ വരമ്പുകളിലെ മാളങ്ങളിലും മറ്റും സൂക്ഷിക്കുന്ന രീതിയാണ്. വരമ്പുകളിലെ എലികളുടെ മാളങ്ങള്‍ കണ്ടെത്തി മണ്ണ് മാറ്റി എലിയെ പിടിക്കുന്ന രീതിയും കര്‍ഷകര്‍ സ്വീകരിക്കാറുണ്ട്.
രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുസംഘങ്ങള്‍ പാടശേഖരങ്ങളില്‍ എത്തി കരാറടിസ്ഥാനത്തില്‍ എലിയെ പിടിയ്ക്കാറുള്ള പതിവുണ്ടെങ്കിലും ഈ സീസണില്‍ കര്‍ഷകര്‍ ആരും തന്നെ ഇവരെക്കൊണ്ട് എലിയെ പിടിക്കാന്‍ തയ്യാറായിട്ടിലത്രെ.കാട്ടുപന്നികള്‍ വിള നശിപ്പിയ്ക്കുന്നതും പതിവു സംഭവം ആയിരിയ്ക്കുന്നു.
വിള നശിപ്പിക്കാന്‍ പാടശേഖരങ്ങളില്‍ വരുന്ന പന്നികളെ വിരട്ടിയോടിക്കാന്‍ കര്‍ഷകര്‍ രാത്രിയില്‍ കടുത്ത മഞ്ഞും കാറ്റും ഏറ്റ് ഉറക്കം ഒഴിച്ച് കാവലിലാണ്.കളകള്‍ പറിച്ചു മാറ്റിയും  വളപ്രയോഗങ്ങള്‍ നടത്തിയും  കര്‍ഷകര്‍ നല്ലൊരു തുക ചിലവാക്കിയത് തിരിച്ചുപിടിക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ്   എലി വെട്ടു ശല്യവും കാട്ടുപന്നികളുടെ ശല്യവും കൂടി വരുന്നത്. വിളകൊയ്‌തെടുക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. നാശനഷ്ടം കൂടാതെ വിളയെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

RELATED STORIES

Share it
Top