കൊയിലാണ്ടി നഗരസഭയില്‍85 കോടിയുടെ കുടിവെള്ള പദ്ധതി

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന 85 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളായ തുറയൂര്‍, കോട്ടൂര്‍, നടുവണ്ണൂര്‍ എന്നിവയ്ക്കും വേണ്ടിയുള്ളതാണ് പദ്ധതി. ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി കായണ്ണയില്‍ വെച്ച് ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈന്‍ നീട്ടി കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ പുതുതായി നിര്‍മ്മിക്കുന്ന 3 ജലസംഭരണികളില്‍ ശുദ്ധജലം എത്തിക്കുന്നതിനും ഒപ്പം കോട്ടൂര്‍, തുറയൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളിലെ ഓരോ ജലസംഭരണിയിലേക്കും ശുദ്ധജലം എത്തിക്കുന്ന രീതിയിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാല് പാക്കേജുകളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യത്തെ പാക്കേജില്‍ കായണ്ണ മുതല്‍ ഊരള്ളൂര്‍ വരെയുള്ള പ്രധാന പൈപ്പ് ലൈനുകളും രണ്ടാമത്തെ പാക്കേജില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മൂന്ന് ജലസംഭരണികളുടെ നിര്‍മാണവും ഊരള്ളൂര്‍ മുതല്‍ ജലസംഭരണികളിലേക്കുള്ള പൈപ്പ് ലൈനുകളും ഉള്‍പ്പെട്ടിരിക്കുന്നു. മൂന്നാമത്തെ പാക്കേജില്‍ തുറയൂര്‍ പഞ്ചായത്തിലെ ജലസംഭരണിയും ട്രാന്‍സ്മിഷന്‍ മെയിനും നാലാമത്തെ പാക്കേജില്‍ കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളിലെക്കുള്ള സംഭരണികളും അവിടങ്ങളിലേക്കുള്ള ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈനുകളുടെ പൂര്‍ത്തീകരണവുമാണ്.നാലാമത്തെ പാക്കേജിലെ ജലസംഭരണി നിര്‍മിക്കാര്‍ സ്ഥലം അനുവദിച്ചു കിട്ടുകയും ചെയ്തു. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് മുന്‍വശത്തായി ദേശീയപാതക്ക് കിഴക്ക് ഭാഗത്ത് ജലസേചന വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ 35 സെന്റ് സ്ഥലമാണ് ഇപ്പോള്‍ അനുവദിച്ചു കിട്ടിയത്. പദ്ധതി പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ കൊയിലാണ്ടി നഗര പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം ഇവിടെ സംഭരിച്ചാണ് വിതരണം ചെയ്യുക. ജലവിതരണ പൈപ്പ് സ്ഥാപിക്കാന്‍ 30 കോടി രൂപയും അനുബന്ധ പണികള്‍ക്കായി 35 കോടി രൂപയുമാണ് നീക്കിവെച്ചത്. മൊത്തം നിര്‍മാണച്ചെലവ് 85 കോടിരൂപയാണെന്നാണ് പ്രാഥമിക കണക്ക്.23 ലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കൂറ്റന്‍ ജലസംഭരണിയാണ് ഇവിടെ നിര്‍മിക്കാന്‍ പോകുന്നത്. അടി ഭാഗം വാട്ടര്‍ അതോറിറ്റിയുടെ കൊയിലാണ്ടി സബ്ഡിവിഷന്‍ ഓഫിസായി ഉപയോഗിക്കാവുന്ന തരത്തിലാണ് ജലസംഭരണി നിര്‍മ്മിക്കുക. ഇതിലേക്കുള്ള വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. തുടര്‍ന്ന് കനാല്‍ വഴി കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സകൂള്‍, റെയില്‍വെ ട്രാക്ക്, പോലിസ് സ്റ്റേഷന്‍ എന്നിവയ്ക്ക് സമീപത്ത് കൂടെ ടാങ്കിലേക്ക് വെള്ളം എത്തിക്കും. ഇതില്‍ റെയില്‍വെയുടെ അനുമതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നുണ്ട്. സ്ഥലം അനുവദിച്ചു കിട്ടിയതിനാല്‍ ടാങ്ക് നിര്‍മാണ പ്രവൃത്തികളും ബാക്കിയുള്ള പൈപ്പ് ലൈന്‍ വലിക്കല്‍ പ്രവൃത്തികളും ഉടന്‍ തന്നെ ആരംഭിക്കുമെന്ന് പ്രൊജക്ട് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. ഈ പാക്കേജിലുള്ള പ്രവൃത്തികള്‍ 18 മാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും പാക്കേജിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു.ഇതിനായി 8കി.മീ. നീളത്തില്‍ 900 മി.മീറ്ററും 800 മി.മീറ്ററും വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ കോട്ടൂര്‍ പഞ്ചായത്തിലെ അവരാട്ടുമുക്കില്‍ നിലവിലുള്ള സംഭരണിയുടെ പുനരുദ്ധാരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top