കൊമ്പുകോര്‍ത്ത് സര്‍ക്കാരും കെഎസ്ആര്‍ടിസിയും

കൊച്ചി: പെന്‍ഷന്‍ അടക്കമുള്ള സാമ്പത്തിക ബാധ്യതയില്‍ കൊമ്പുകോര്‍ത്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും ഹൈക്കോടതിയില്‍. പൊതു മേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കി. ഇതു സഹായത്തിന്റെ പരമാവധിയാണ്. ഇനിയും സാധ്യമല്ലെന്നും പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും ഗതാഗത വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, തങ്ങളെ സാമ്പത്തിക ബാധ്യതയുടെ വിഷമവൃത്തത്തില്‍ കുരുക്കിയിടാന്‍ കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കേരള സര്‍വീസ് റൂള്‍ പ്രകാരം വിരമിച്ചവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ട വിഭവങ്ങളോ, റിസര്‍വ് ഫണ്ടോ കൈവശമില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. പെന്‍ഷന്‍ മുടങ്ങിയതു ചോദ്യംചെയ്ത് വിരമിച്ചവരുടെ സംഘടനകള്‍ അടക്കം സമര്‍പ്പിച്ച ഹരജിയിലാണു സര്‍ക്കാരും കെഎസ്ആര്‍ടിസിയും നിലപാടു വ്യക്തമാക്കിയത്.പെന്‍ഷന്‍ കൊടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിയമപരമായ ബാധ്യതയില്ലെങ്കിലും 1984 മുതല്‍ നല്‍കുന്നുണ്ടെന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം പറയുന്നു. പ്രതിമാസ വരുമാനമായി ലഭിക്കുന്നത് 175 കോടി രൂപയാണെന്നാണു കെഎസ്ആര്‍ടിസി സ്റ്റേറ്റ്‌മെന്റ് പറയുന്നത്. എന്നാല്‍, പെന്‍ഷന്‍ അടക്കം പ്രതിമാസ ചെലവ് 345 കോടി രൂപയാണ്. 170 കോടി രൂപയുടെ കമ്മിയുണ്ട്. ചെലവില്‍ 191 കോടി പ്രവര്‍ത്തന ചെലവാണ്. പെന്‍ഷന്‍ ചെലവു 60 കോടി രൂപയും ശമ്പളം 85.5 കോടിയും വരുന്നു. സര്‍ക്കാര്‍ നയം മൂലം പെന്‍ഷന്‍ നല്‍കിയതിനാല്‍ അതുമൂലമുണ്ടായ ബാധ്യതയുടെ ഉത്തരവാദിത്തവും സര്‍ക്കാരിനാണ്. കോര്‍പറേഷന്റെ സാമൂഹിക ഉത്തരവാദിത്തവും ബസ് ചാര്‍ജും നിയന്ത്രിക്കുന്നതു സര്‍ക്കാരാണ്. അതില്‍ കോര്‍പറേഷനു നേരിട്ടുള്ള നിയന്ത്രണമില്ല. ബസ് ചാര്‍ജ് തീരുമാനിക്കുമ്പോള്‍ പെന്‍ഷന്‍ അടക്കമുള്ള ബാധ്യതകള്‍ പരിഗണിക്കാറില്ല. രാഷ്ട്രീയസമ്മര്‍ദം പരിഗണിച്ച് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന റൂട്ടുകളിലും സര്‍വീസ് നടത്താറുണ്ട്. സര്‍വീസ് നടത്തുന്നതു ലാഭമാണോയെന്ന പരിശോധന പോലുമില്ലാതെയാണ് സര്‍വീസ് നടത്താറ്. വരുമാനത്തിലും ചെലവിലും കോര്‍പറേഷന് നിയന്ത്രണമില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സര്‍ക്കാരാണ് വരുമാനവും ചെലവും നിയന്ത്രിക്കുന്നത്.  ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വരുമാനം വര്‍ധിപ്പിക്കാവുന്നതാണ്. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കാം. സര്‍ക്കാരിനു മാത്രമേ കോര്‍പറേഷനെ രക്ഷിക്കാനാവൂയെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. അതേസമയം, എല്ലാ സാമ്പത്തിക ബാധ്യതയും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റ് കടുത്ത നിയമപോരാട്ടങ്ങളിലേക്ക് വഴിവെച്ചേക്കും.

RELATED STORIES

Share it
Top