കൊമ്പനെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യം

സുല്‍ത്താന്‍ ബത്തേരി: റേഡിയോകോളര്‍ ഘടിപ്പിച്ചിട്ടും വടക്കനാട് മേഖലയില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വിളകള്‍ നശിപ്പിക്കുകയും ജനങ്ങളുടെ ജീവനു ഭീഷണിയായും മാറിയ കൊമ്പനെ മയക്കുവെടി വച്ചു പിടികൂടണമെന്ന് ആവശ്യം. ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വടക്കനാട്ഗ്രാമസംരക്ഷണസമിതിയുടെയും നാട്ടുകാരുടെയും യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്്. ഇതിനായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം അനുകൂല മറുപടി നേടിയെടുക്കുമെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു.
മാര്‍ച്ച്് 15നാണ് പ്രദേശത്ത് ഭീതിപരത്തി വാച്ചറെ കൊലപ്പെടുത്തിയ കൊമ്പനെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ചത്. എന്നാല്‍, റേഡിയോകോളര്‍ ഘടിപ്പിച്ചതിനു ശേഷവും കൊമ്പന്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നതു പതിവായി. ജനങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് ആനയെ മയക്കുവെടി വച്ച് പിടികൂടണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടത്. ഈ കൊമ്പനെ കൂടാതെ ആറ് ആനകള്‍ കൂടി ജനവാസകേന്ദ്രങ്ങളില്‍ വിളനാശം വരുത്തുന്നുണ്ടെന്നു വനംവകുപ്പ് തന്നെ പറയുന്നു. റേഡിയോകോളര്‍ ഘടിപ്പിച്ച ആനയെ മയക്കുവെടി വച്ച് ഇവിടെ നിന്നു മാറ്റിയാല്‍ മറ്റ് ആനകളെ പ്രതിരോധിക്കാനാവുമെന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ശല്യക്കാരായ ആനകളെ തുരത്തുതിനായി റബര്‍ബുള്ളറ്റ് ഉപയോഗിക്കുന്നതിന് ജില്ലാ പോലിസ് മേധാവിയോട് അനുമതി തേടിയിട്ടുണ്ടന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ യോഗത്തില്‍ പറഞ്ഞു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ബിന്ദു മനോജ്, എ കെ കുമാരന്‍, എന്‍ കെ മോഹനന്‍, അനീഷ്, സരോജിനി, ബെന്നി കൈനിക്കല്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍, റേ് ഓഫിസര്‍മാരായ ആര്‍ കൃഷ്ണദാസ്, ബാബുരാജ്, വടക്കനാട് ഗ്രാമസംരക്ഷണ സമിതി ഭാരവാഹികളായ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, കരുണാകരന്‍ വെള്ളക്കെട്ട് പങ്കെടുത്തു.സുല്‍ത്താന്‍ ബത്തേരി: വടക്കനാട് മേഖലയിലെ വന്യമൃഗശല്യത്തിന് പ്രതിരോധമൊരുക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഉന്നതാധികാര സമിതി സന്ദര്‍ശനം നടത്തി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വടക്കനാട് ഗ്രാമസംരക്ഷണസമിതി ഭാരവാഹികളുമാണ് സ്ഥലപരിശോധനയില്‍ പങ്കെടുത്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് 15ന് സര്‍ക്കാരിന് വിശദമായ റിപോര്‍ട്ട് നല്‍കും.
ഇന്നലെ രാവിലെ 11ഓടെയാണ് വടക്കനാട് പ്രദേശത്തെ വനാതിര്‍ത്തികളില്‍ വന്യമൃഗശല്യ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി സ്ഥലപരിശോധന നടത്തിയത്. വടക്കനാട് ഗവ. എല്‍പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു സ്ഥലസന്ദര്‍ശനം. വടക്കനാട് മേഖലയില്‍ 32 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഓടപ്പള്ളം, വള്ളുവാടി, വടക്കനാട്, മാടക്കുണ്ട്്, കരിപ്പൂര്‍, പച്ചാടി, പണയമ്പം, മണലാടി തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ആന ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ വനാതിര്‍ത്തികളില്‍ കരിങ്കല്‍ഭിത്തി നിര്‍മിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നത്. മതില്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ റെയില്‍പ്പാളങ്ങള്‍ ഉപയോഗിച്ചുളള വേലിയും സോളാര്‍ ഫെന്‍സിങ്് എന്നിവയും സ്ഥാപിക്കും.
ആഗസ്ത് മാസത്തോടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനാണ് തീരുമാനം. ഇതിനു പുറമെ ലീസ് ഭൂമി, ജണ്ട സ്ഥാപിക്കുന്നത്് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ജാഗ്രതസമിതി ചര്‍ച്ച ചെയ്തു പരിഹാരം കാണാനും തീരുമാനിച്ചു.
അതിരൂക്ഷമായ വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയ വടക്കനാട്ടുകാര്‍ പ്രതിരോധമാര്‍ഗങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം വന്യജീവി സങ്കേതം മേധാവിയുടെ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹരസമരം നടത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് മാര്‍ച്ച് 27ന് തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വടക്കനാട് പ്രദേശത്ത് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ തിരുമാനിച്ചത്.
ഇതിന്റെ ആദ്യഘട്ടമായാണ് ഉന്നതിധാകരസമിതി യോഗം ചേര്‍ന്നു സ്ഥലസന്ദര്‍ശനം നടത്തിയത്.

RELATED STORIES

Share it
Top