കൊപ്പത്ത് ഡെങ്കിപ്പനി, മലേറിയ സ്ഥിരീകരണം

പട്ടാമ്പി: കൊപ്പത്ത് ഡെങ്കിപ്പനിയും മലേറിയയും കണ്ടെത്തി. മഴ തുടങ്ങിയതോടെ മഴക്കാലരോഗങ്ങളും തലപൊക്കിത്തുടങ്ങി. പനിയും വയറിളക്കവുമായി നിരവധി പേരാണ് പട്ടാമ്പി മേഖലയിലെ ഗവ. ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നത്. കൊപ്പം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മാത്രം പ്രതിദിനം അറുന്നൂറോളം പേരാണെത്തുന്നത്. കൂടുതലും പനിബാധിതരാണ്. ഇതില്‍ മൂന്ന് ഡെങ്കിപ്പനിയും മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പല പഞ്ചായത്തുകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ പാതിവഴിയിലാണ്. പഞ്ചായത്തു തലത്തില്‍ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് കഴിഞ്ഞ താലൂക്ക് വികസനസമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിനായി ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രത്യേകയോഗങ്ങള്‍ ചേര്‍ന്ന് കര്‍മപദ്ധതി ആവിഷ്‌ക്കരിക്കാനും തീരുമാനിച്ചതാണ്. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഓങ്ങല്ലൂരില്‍ ഇത്തവണ കൂടുതലായും മലേറിയ കണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മറുപടി. മഴ ശക്തി പ്രാപിക്കുന്നതോടെ ഡെങ്കിപ്പനി വ്യാപകമാകുവാനുള്ള സാധ്യതയുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം. കൊപ്പം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ടാഴ്ച മുന്‍പ് 400-500 പേര്‍ വരെ ഒപിയിലെത്തിയിരുന്നു. ഇപ്പോഴത് 600 കടന്നു. നാല് ഡോക്ടര്‍മാരുടെ സേവനം ഇവിടെയുണ്ട്. ഫാര്‍മസിയില്‍നിന്ന് മരുന്ന് കിട്ടുവാന്‍ മണിക്കൂറോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണെന്ന പരാതിയും ഉയര്‍ന്നു. ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതലെടുക്കും മഴക്കാലരോഗലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അതില്‍ ആശങ്ക വേണ്ട. അതേസമയം, ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചുവരുന്നുണ്ട്. ഫാര്‍മസിയില്‍ മരുന്ന് നല്‍കുന്നതിന് നിലവില്‍ രണ്ട് ജീവനക്കാരുണ്ട്.
രോഗികളുടെ തിരക്ക് കൂടിയതാണ് ചെറിയ ബുദ്ധിമുട്ടുകള്‍ക്കിടവരുത്തുന്നതെന്ന് കൊപ്പം സിഎച്ച്‌സി സെന്ററിലെ ഡോ. സിദ്ദിഖ് പറഞ്ഞു. എന്നാല്‍ എത്ര വൈകിയാലും അവസാനത്തെ രോഗിയുടെയും ചികില്‍സയും മരുന്നും ഉറപ്പു വരുത്തുന്നതിന് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ശുഷ്‌കാന്തി പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top