കൊപ്പം-വളാഞ്ചേരി റൂട്ടില്‍ നിറയെ മരണക്കുഴികള്‍

പട്ടാമ്പി: കൊപ്പം-വളാഞ്ചേരി പാതയില്‍ രാത്രികാല വാഹനയാത്രക്കാരെ കാത്തിരിക്കുന്നത് അപകടകരമായ ഭീമന്‍കുഴികള്‍. നടുവട്ടം ജനത ഹൈസ്‌കൂളിന് സമീപം വന്‍ കുഴികളാണ് റോഡില്‍ രൂപപ്പെട്ടിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് ജീപ്പ് ഇവിടെ അപകടത്തില്‍പ്പെടുകയും സമീപമുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയും ചെയ്തിരുന്നു. അതിനുമുമ്പ് കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയും ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് ദിവസംതോറും  റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. സമീപപ്രദേശത്തുള്ളവര്‍ സഹകരിച്ച് അപകടകരമായ ഈ കുഴികള്‍ മണ്ണിട്ടു മൂടിയെങ്കിലും വീണ്ടും കുഴികള്‍  വലുതായി വാഹനങ്ങള്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.  മുന്‍പരിചയം ഇല്ലാത്തവരാണ് ഈ പ്രദേശത്ത് പലപ്പോഴും  അപകടത്തില്‍പ്പെടുന്നത്.
കൊപ്പം വളാഞ്ചേരി മികച്ച പാതയിലെ ചില ഭാഗങ്ങളിലെ ചതിക്കുഴികള്‍ പല യാത്രക്കാരും തിരിച്ചറിയാത്തത് വന്‍അപകടങ്ങള്‍ക്ക് കാരണമാകുന്നു. നടുവട്ടം ജനത  ഹൈസ്‌കൂളിന് സമീപമുള്ള കുഴികളെപ്പോലെത്തന്നെ അപകടം നിറഞ്ഞ കുഴികളാണ് ഒന്നാന്തി പടിയിലും ഉള്ളത്. ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടി പെട്ടെന്ന് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സമീപവാസികള്‍.

RELATED STORIES

Share it
Top