കൊതുകുകടി പോലും സഹിച്ചാണ് ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നത്: ബിജെപി മന്ത്രി

ന്യൂഡല്‍ഹി: രാത്രിമുഴുവന്‍ കൊതുകുകടി പോലും സഹിച്ചാണ് താനുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ദലിത് ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് ഉത്തര്‍പ്രദേശ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനുപമ ജയ്‌സ്വാള്‍. ആദ്യമായാണ് ഒരു സര്‍ക്കാര്‍ യുവാക്കളുടെയും സ്ത്രീകളുടെയും പൊതുജനങ്ങളുടെയും നന്മ ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ചത്.  അവ നടപ്പാക്കുന്നതിന് ഓരോ മന്ത്രിമാരും വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ദലിത് ഭവനങ്ങളില്‍ തങ്ങള്‍ രാത്രി കഴിച്ചുകൂട്ടിയാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നത്.
ബിജെപി മന്ത്രിമാരുടെ ദലിത് ഭവന സന്ദര്‍ശനം നാടകമാണെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. അതേസമയം, ദലിത്-പിന്നാക്ക കുടുംബങ്ങളില്‍ പോയി ഭക്ഷണം കഴിച്ചു കൊണ്ട് അവര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാനുള്ള ബിജെപി ശ്രമങ്ങളെ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി. ബിജെപി ഈ നാടകത്തില്‍ നിന്നു പിന്തിരിയണമെന്നും നേതാക്കള്‍ ഇടപെടലുകളിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ജാതീയത തുടച്ച് നീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും വിഎച്ച്പി, ആര്‍എസ്—എസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ഭാഗവത് പറഞ്ഞു. അതിനിടെ, ബിജെപി എംപി ഉദിത്‌രാജും പാര്‍ട്ടി നേതാക്കളുടെ ഇത്തരം പ്രവണതകളെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടതെന്ന് എംപി പറഞ്ഞു.

RELATED STORIES

Share it
Top