കൊണ്ടോട്ടി നഗരസഭ : മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ് നല്‍കികൊണ്ടോട്ടി: കൊണ്ടോട്ടിയിലെ മല്‍സ്യ മൊത്ത വിതരണ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി. നിലവില്‍ കച്ചവടം ചെയ്തിരുന്നവരുടെ ലൈസന്‍സ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നഗരസഭ നടപടികള്‍ സ്വീകരിച്ചത്. മല്‍സ്യ മൊത്തവിതരണകേന്ദ്രത്തില്‍ നഗരസഭയുടെ നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തതിനാല്‍ അനധികൃത കച്ചവടം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സെക്രട്ടറി ഫിറോസ്ഖാന്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഇതോടൊപ്പം 2017-18 വര്‍ഷത്തേക്ക് കച്ചവടം നടത്തുന്നതിനായി ലൈസന്‍സിനായി സമര്‍പ്പിച്ചവരുടെ അപേക്ഷയും തള്ളി. ഈ സാമ്പത്തികവര്‍ഷം മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നതിന് പുതിയ ആളുകളാണ് 13ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചിരുന്നത്. എന്നാല്‍, ഇവര്‍ക്ക് കച്ചവടം നടത്തുന്നതിന് സാധിച്ചിരുന്നില്ല. നേരത്തെയുളളവരുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലേലം വിളിച്ചിട്ടും കച്ചവടം നടത്താന്‍ സാധിക്കാതെ പോയത്. പ്രശ്‌നപരിഹാരത്തിന് നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി സര്‍വകക്ഷിയോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. നിയമപ്രകാരം പൊതു മല്‍സ്യ മാര്‍ക്കറ്റ് കുത്തവകാശം ലേലത്തില്‍ എടുക്കുന്നവര്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

RELATED STORIES

Share it
Top