കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന്

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്നുനടക്കും. രാവിലെ 11ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പും ഉച്ചക്ക് 1.30ന് വൈസ്‌ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുമാണു നടക്കുക. യുഡിഎഫ് ഭരണസമിതി നിലവിലുള്ള കൊണ്ടോട്ടിയില്‍ നഗരസഭ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ സി കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ മുസ്‌ലിംലീഗിലെ പാലക്കല്‍ ഷറീന എന്നിവര്‍ കഴിഞ്ഞ 30ന് രാജിവച്ചതോടെയാണ് പുതിയ സാരഥികളെ തിരഞ്ഞെടുക്കുന്നത്.
കോണ്‍ഗ്രസും മുസ്‌ലിംലീഗും യോജിച്ച് യുഡിഎഫ് ആയതോടെയുണ്ടാക്കിയ ധാരണപ്രകാരം ചെയര്‍മാന്‍സ്ഥാനം ലീഗിനും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനുമാണ്. നഗരസഭയിലെ 40 അംഗ വാര്‍ഡില്‍ ലീഗിന് 18, കോണ്‍ഗ്രസിന് ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ 11 കൗണ്‍സിലര്‍മാരുമുണ്ട്.
ഇടതുമുന്നണിക്ക് 10, എസ്ഡിപിഐക്ക് ഒരു കൗണ്‍സിലറുമാണുള്ളത്. ചെയര്‍മാന്‍ സ്ഥാനം എസ്ഇ സംവരണവും വൈസ് ചെയര്‍മാന്‍ വനിതാ സംവരണവുമാണ്.
ലീഗില്‍ എസ്ഇ സംവരണത്തില്‍ പുരുഷന്മാരില്ലാത്തതിനാല്‍ ചെയര്‍മാന്‍ ചെയര്‍പേഴ്‌സണാവും. മുന്‍ നെടിയിരുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സി ഷീബയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് തീരുമാനിച്ചിരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥിയെ ഇന്നുരാവിലെ കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു തീരുമാനിക്കും. കോണ്‍ഗ്രസില്‍ കെ ആയിഷാബിയെയാണു പരിഗണിക്കുന്നത്.
നഗരസഭയിലെ 18ാം വാര്‍ഡ് വാക്കത്തെടിയില്‍ നിന്നാണ് ആയിഷാബി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസ് മതേതര വികസന മുന്നണിയായിരുന്നപ്പോള്‍ ദിവസങ്ങള്‍ മാത്രം ചെയര്‍പേഴ്‌സണായിരുന്നു ആയിഷാബി. ഇവര്‍ക്കെതിരേ ഇടതു സ്ഥാനാര്‍ത്ഥി മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസയ്ക്കാണ് സാധ്യത.

RELATED STORIES

Share it
Top