കൊണ്ടോട്ടിയില്‍ സിസി ടിവി കാമറകള്‍ കണ്ണുതുറക്കുന്നു

കൊണ്ടോട്ടി: നഗരം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും ലഹരി വില്‍പ്പനയും മാലിന്യം തള്ളുന്നതടക്കമുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ അങ്ങാടിയില്‍ സ്ഥാപിക്കുന്ന സിസി ടിവി കാമറകള്‍ ഒരുമാസത്തിനകം മിഴി തുറക്കും. നഗരസഭയും പോലിസും ചേര്‍ന്നാണ് കാമറകള്‍ സ്ഥാപിക്കുന്നത്. അങ്ങാടിയില്‍ 21 കാമറകള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കാനാണ് തീരുമാനം.സിസി ടിവി കാമറകള്‍ വാങ്ങാനായി നഗരസഭ 16 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, 13 ലക്ഷത്തോളമാണ് ഇതിലേക്ക് ചെലവായത്. കൊണ്ടോട്ടി കൊടിമരം, തങ്ങള്‍സ് റോഡ്, എഇ ഓഫിസ്, പോലിസ് സ്‌റ്റേഷന്‍, പഴയ ബസ്സ്റ്റാന്റ്, പുതിയ സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുക. കാമറകളുടെ നിരീക്ഷണ സ്‌ക്രീന്‍ നഗരസഭയിലും പോലിസ് സ്‌റ്റേഷനിലുമുണ്ടാവും. അങ്ങാടിയിലും പരിസരത്തും വലിയ തോട്ടിലേക്കും മാലിന്യ തള്ളുന്നവരെ പിടികൂടുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നത് വഴി ലക്ഷ്യമിടുന്നത്. കാമറകള്‍ സ്ഥാപിക്കുന്നതിന്റെ സ്‌കെച്ച് ടെന്‍ഡര്‍ ലഭിച്ചവര്‍ക്ക് നല്‍കിയിട്ടുണ്ട്. കാമറകള്‍ ആവശ്യമെങ്കില്‍ സ്ഥലങ്ങള്‍ ഇടക്കിടെ മാറ്റിവയ്ക്കുന്നതുമായിരിക്കും. ഒരുവര്‍ഷം മുമ്പ് തന്നെ നഗരസഭ സിസി ടിവി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപടികളായിരുന്നില്ല.

RELATED STORIES

Share it
Top