കൊണ്ടോട്ടിയില്‍ അടുത്ത മാസം മുതല്‍ ഗതാഗതപരിഷ്‌കാരം

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ആഗസ്ത് ഒന്നുമുതല്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുമെന്ന് ടി വി ഇബ്രാഹീം എംഎല്‍എ അറിയിച്ചു. ചൊവാഴ്ച ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗ തീരുമാന പ്രകാരമാണ് പരിഷ്‌കാരം. പുതിയ പരിഷ്‌കാരപ്രകാരം കൊണ്ടോട്ടി പതിനേഴ് മുതല്‍ കുറുപ്പത്ത് ജങ്ഷന്‍ വരെയുള്ള പഴയങ്ങാടി റോഡ് വണ്‍വേ ആയിരിക്കും. ഇനിമുതല്‍ കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന പാലക്കാട്, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ പഴയങ്ങാടി വഴിയാണ് പോവേണ്ടത്.
അരീക്കോട് ഭാഗത്തുനിന്നുമുള്ള ഇരുചക്ര വാഹനങ്ങളുള്‍പ്പെടെ എല്ലാ വാഹനങ്ങളും ഇടതുവശത്തേക്ക് തിരിഞ്ഞു കുറുപ്പത്ത് ജങ്ഷന്‍ വഴി വരണം. രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളില്‍നിന്നു വരുന്ന മിനിബസ്സുകള്‍ ബൈപാസ് മുഖേന ബസ് സ്റ്റാന്റിലെത്തണം. പാലക്കാട്, നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം ഭാഗത്തും നിന്നു വരുന്ന ബസ്സുകള്‍ നിലവിലുള്ള രീതിയില്‍ തന്നെ കുറുപ്പത്ത് ജങ്ഷന്‍ നിന്നു ബൈപാസ് വഴി കൊണ്ടോട്ടി ബസ് സ്റ്റാന്റിലെത്തണം. കൊണ്ടോട്ടിയില്‍ നിന്നു തുടങ്ങുന്നതും അരീക്കോട്, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് പോവുന്നതുമായ ബസ്സുകള്‍ തങ്ങള്‍സ് റോഡ് വഴിയാണ് പോവേണ്ടത്.
എടവണ്ണപ്പാറ ഭാഗത്തു നിന്നു വരുന്ന മലപ്പുറം, മഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകള്‍ പഴയങ്ങാടി വഴിയും മറ്റു ബസ്സുകള്‍ ബൈപാസ് വഴിയുമാണ് പോവേണ്ടത്. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന കാര്‍, ഇരുചക്ര വാഹനങ്ങള്‍, വലിയ ട്രെയിലറുകള്‍ എന്നിവയ്ക്ക് നിലവിലുള്ള രീതിയില്‍ ബൈപാസ് വഴി സഞ്ചരിക്കാം.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയായിരിക്കും നിയന്ത്രണം. വണ്‍വേ നടപ്പാക്കുന്നതിന്റെ ഭാഗമായി പഴയങ്ങാടി റോഡില്‍ മൂന്ന് ബസ് ബേകള്‍ നിര്‍മിക്കും. കൊണ്ടോട്ടി ബൈപാസ് റോഡില്‍ സര്‍വീസ് സഹകരണ ബാങ്ക്് മുതല്‍ മച്ചിങ്ങല്‍ ഹോം അപ്ലയന്‍സ് വരെയുള്ള ഭാഗങ്ങളിലും കൊടിമരം മുതല്‍ മുത്തളം വരെയുള്ള ഭാഗങ്ങളിലും ഇരുചക്ര വാഹനം അടക്കമുള്ള വാഹനപാര്‍ക്കിങ് നിര്‍ത്തലാക്കും. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. പരിഷ്‌കാരം നടപ്പാക്കുന്നതിന് മുന്നോടിയായി ആദ്യ ദിവസം എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ഗതാഗത നിയന്ത്രണത്തിന് പോലിസിനൊപ്പമുണ്ടാവും.
അതേസമയം, പഴയങ്ങാടി റോഡ് വീതികൂട്ടുന്നതോടെ സ്ഥലം നഷ്ടപ്പെടുന്ന കുടംബങ്ങളുടെ യോഗം 31ന് ചേരും. സ്ഥലം എംഎല്‍എ ടി വി ഇബ്രാഹീമിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. നിലവില്‍ 33 കുടംബങ്ങളുണ്ട്. നേരത്തെ ഇവര്‍ക്കുള്ള നഷ്ടപരിഹാര തുക സാങ്കേതിക കാരണങ്ങളാല്‍ നല്‍കാനായിരുന്നില്ല. എന്നാല്‍, ഇതിന് വീണ്ടും നടപടികളെടുക്കുന്നതിനാണു നിലവില്‍ സര്‍ക്കാറിനെ സമീപിക്കുന്നത്. സ്ഥലം വിട്ടുനല്‍കുന്ന കുടംബങ്ങള്‍ക്ക് മതിയായ തുക സര്‍ക്കാറില്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. നേരത്തെയുള്ള അവകാശികളില്‍ ചിലര്‍ സ്ഥലം കൈമാറ്റം നടത്തിയവരുമുണ്ട്. ഇതിന്റെ കൃത്യത അറിയാനും നിലവില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനുമാണ് യോഗം ചേരുന്നത്. കൊണ്ടോട്ടിയില്‍ വണ്‍വേ ട്രാഫിക് നടപ്പാക്കുന്നതിന്റെ ഭാഗമായി പഴയങ്ങാടി റോഡ് വീതികൂട്ടാനാണു ശ്രമം.
വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ പാലക്കല്‍ ഷെറീന, കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫ, നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷന്‍ യു കെ മമ്മദീശ, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ചന്ദ്രന്‍, കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു, ഇഎം റഷീദ്, മുഹമ്മദ് ഷാ എ്ന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top