കൊണ്ടാഴിയിലെ അനധികൃത പന്നിഫാമിനെതിരേ പ്രതിഷേധം ശക്തം

ചേലക്കര: കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ കേരകക്കുന്ന് പ്രദേശത്തെ അനധികൃത പന്നിഫാമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
സമീപത്തെ തോടുകളിലും, കിണറുകളിലും ഫാം മാലിന്യങ്ങളും, അറവ് മാലിന്യങ്ങളും കലര്‍ന്നതാണ് ജനങ്ങളെ രോക്ഷാകുലരാക്കിയത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. ഫാമില്‍നിന്നുമുള്ള മാലിന്യങ്ങള്‍ സമീപത്തെ റോഡിനു കുറുകെ ചാലുണ്ടാക്കി അത്താണി പറമ്പ് തോട്ടിലേക്കാണ് ഒഴുക്കുന്നത്. ദുര്‍ഗന്ധം കാരണം സമീപത്തുള്ള റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് നടത്തുവാന്‍ സാധിക്കുന്നില്ലെന്ന് റബര്‍ കര്‍ഷകര്‍ പറയുന്നു. രണ്ടു തവണ ആരോഗ്യ വകുപ്പ് സ്‌റ്റോപ്പ് മെമ്മോ കൊടുത്ത ഈ ഫാം ലൈസന്‍സ് പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
നാട്ടുകാര്‍ തടിച്ചു കൂടിയതറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറി ആര്‍ ജയനേയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചു.
വിവരമറിഞ്ഞെത്തിയ പഴയന്നുര്‍ എസ്‌ഐ മഹേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ശ്രീദേവി എന്നിവര്‍ ഫാം അടച്ചുപൂട്ടാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. ഉറപ്പുപാലിക്കാത്ത പക്ഷം ഫാമിന് മുന്നില്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ സുലേഖ പ്രദീപ് അറിയിച്ചു.

RELATED STORIES

Share it
Top