കൊണ്ടാടാന്‍ ഒരു കാട് ദിനം

സി  രാധാകൃഷ്ണന്‍
ഒരു വര്‍ഷം പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എനിക്ക് പീച്ചിയിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മുഖ്യാതിഥിയായി പോകേണ്ടിവന്നു. ഹൃദ്യമായ ഒരനുഭവമായിരുന്നു അത്. ആത്മാര്‍ഥതയുള്ള കുറേ ആളുകള്‍ അവിടെ ജോലിയും ഗവേഷണവും നടത്തുന്നു. ലോകത്തുള്ള സമാന്തര സ്ഥാപനങ്ങളില്‍ ഈ ഇന്‍സ്റ്റിറ്റിയൂട്ടിന് സല്‍പ്പേരുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ ഇത്തരം പച്ചത്തുരുത്തുകള്‍ വിരളമാണ്.
കൊല്ലത്തിലെ എല്ലാ ദിവസവും നമുക്ക് ഇപ്പോള്‍ ഓരോന്നിനുള്ള ദിനമായിട്ടുണ്ട്. പരിസ്ഥിതി ദിനാചരണവും മറ്റ് ആചരണങ്ങള്‍ പോലെ കാടുകയറിയിരിക്കുന്നു. പരിസ്ഥിതി ദിനം എന്നാല്‍ കാട് ദിനം എന്ന മട്ടിലാണ് കൊണ്ടാടലുകള്‍ നടക്കുന്നത്. ശിശുദിനം മുതല്‍ മാതൃദിനം വരെയുള്ള നീണ്ട പട്ടികയില്‍ ഒരു കാട് ദിനവും എന്ന സ്ഥിതി!
കാടുകയറുക എന്ന പ്രയോഗം മലയാള ഭാഷയില്‍ എങ്ങനെ വന്നുവെന്നു തിട്ടമില്ല. വേണ്ടാതീനത്തിലേക്ക് ചിന്തിച്ചു ചെല്ലുക എന്നാണ് അതിന് അര്‍ഥമെന്ന കാര്യത്തില്‍ പക്ഷേ, സംശയമില്ല. മഹാഭാരതത്തിലെയും രാമായണത്തിലെയും മുഖ്യ കഥാപാത്രങ്ങളെ ശിക്ഷയെന്ന നിലയിലാണ് കാടുകയറ്റിയതെങ്കിലും പുരാതനകാലത്ത് വാനപ്രസ്ഥം അറിവിലേക്കുള്ള പാതയായിരുന്നുവെന്നു കേട്ടിട്ടുണ്ട്.
എന്തു ദിനത്തിന്റെ ആഘോഷമായാലും ഇവിടെ എഴുത്തുകാരാണ് മുഖ്യ കാര്‍മികര്‍. മറ്റുള്ളവര്‍ക്കെല്ലാം വേറെ പണി കാണുമായിരിക്കാം. മരം പിടിക്കുന്ന ആനകളെ വിഗ്രഹം കയറ്റി എഴുന്നള്ളിക്കാന്‍ കിട്ടില്ലല്ലോ. നല്ല കൊമ്പന്‍മാരെ വീരപ്പന്‍മാര്‍ കൊന്നും പോയി!
കഴിഞ്ഞ വര്‍ഷം ഒരു പ്രശസ്തമായ സ്‌കൂളിലായിരുന്നു എനിക്ക് 'പരിസ്ഥിതിദിനപ്പണി.' മറ്റൊരു തരത്തില്‍ ഹൃദ്യമായിരുന്നു ആ അനുഭവം. കുട്ടികളുടെ പാരിസ്ഥിതിക ബോധം എത്രയെന്നറിയാന്‍ ഞാന്‍ അന്നു ശ്രമിച്ചു. അഞ്ചു മുതല്‍ പതിനേഴ് വയസ്സു വരെയുള്ള രണ്ടായിരത്തോളം കുട്ടികളുടെ കൂട്ടായ്മയുടെ മുന്നില്‍ ഞാനൊരു ചോദ്യം ഉന്നയിച്ചു:
''നിങ്ങളില്‍ എത്ര പേര്‍ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്?''
ഏതാനും പേര്‍ കൈ പൊക്കി.
അപ്പോള്‍ ഞാന്‍ കാതലായ ചോദ്യം പുറത്തെടുത്തു: ''നിങ്ങളില്‍ എത്ര പേര്‍ ബഹിരാകാശ വാഹനത്തില്‍ കയറിയിട്ടുണ്ട്?''
കുറച്ചിട ഒരു പ്രതികരണവും ഉണ്ടായില്ല. അഞ്ചാറു നിമിഷം കഴിഞ്ഞ് പിന്‍നിരയില്‍ ഒരു ഏഴു വയസ്സുകാരന്‍ കൈ പൊക്കി!
''ഞാന്‍ കയറി!''
''എപ്പോള്‍? ഏതില്‍?''
''ജനിച്ച നാള്‍ മുതല്‍. ഈ ഭൂഗോളം ഒരു ബഹിരാകാശ വാഹനമാണ്.''
അപ്പോള്‍ മറ്റു പലരും കൈ പൊക്കി: ''ഞാനും...  ഞാനും... ഞാനും...!''
ആദ്യം ഉത്തരം പറഞ്ഞ കുട്ടിയെ അഭിനന്ദിച്ച് സ്റ്റേജിലേക്കു വിളിച്ച് ഞാന്‍ ചോദിച്ചു: ''ഈ അറിവ് എവിടന്നു കിട്ടി?''
''ഡിസ്‌കവറി ചാനലില്‍ നിന്ന്.''
തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കും അവന് കൃത്യമായ ഉത്തരമുണ്ടായിരുന്നു: എത്രയാണ് ഭൂമിയുടെ വ്യാസം? എത്രയാണ് ഭൂഗോളത്തിന്റെ ഉപരിതല വിസ്തീര്‍ണം? അതില്‍ എത്ര ഭാഗമാണ് സമുദ്രം? ബാക്കിയില്‍ എത്രയാണ് മഞ്ഞുപ്രദേശം? അതും കഴിഞ്ഞുള്ളതില്‍ എത്രയാണ് ചതുപ്പും മരുഭൂമിയും? എല്ലാം കഴിഞ്ഞ് എത്രയാണ് ഈ ലോകത്ത് മനുഷ്യന് ആവസിക്കാന്‍ കൊള്ളാവുന്ന ആകെ സ്ഥലം?
അരിച്ചുപെറുക്കി വന്നപ്പോള്‍ വളരെ കുറച്ചേ ഉള്ളൂ ഇടം!
രണ്ടു ചോദ്യങ്ങള്‍ കൂടി അവനോട് ഞാന്‍ ചോദിച്ചു: ''ഒരു സ്‌പേസ് സ്റ്റേഷനില്‍ ബഹിരാകാശത്ത് കഴിയുന്നവര്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണോ ഉത്തരവാദിത്തങ്ങളെ കുറിച്ചാണോ കൂടുതല്‍ ബേജാറാവേണ്ടത്?''
അവന് ഒരു സംശയവും ഉണ്ടായില്ല: ''ഉള്ള ഭക്ഷണവും വെള്ളവും വായുവും സ്ഥലവും എല്ലാര്‍ക്കും കൂടി ഉള്ളതാണെന്ന് എല്ലാരും എപ്പോഴും കരുതിയാലേ രക്ഷയുള്ളൂ. കൈയിട്ടു വാരിയാലോ തമ്മില്‍ത്തല്ലിയാലോ എല്ലാരും ഒരുമിച്ച് നശിക്കും. മനുഷ്യര്‍ തൊടുത്തുവിടുന്ന ഉപഗ്രഹങ്ങള്‍ക്ക് കത്തിയെരിഞ്ഞാണെങ്കിലും വീഴാന്‍ ഒരു ഭൂമിയുണ്ട്. ഭൂമി എന്ന ഉപഗ്രഹത്തിനു വീഴാനുള്ളത് സൂര്യനിലേക്കാണ്. ഉഗ്രന്‍ സ്വീകരണമായിരിക്കും കിട്ടുക!''
അടുത്ത ചോദ്യം സമതുലനത്തെ കുറിച്ചായിരുന്നു: ''ഭൂഗോളത്തിന്റെയും ജീവന്റെയും സമതുലനം സ്ഥിരമോ അസ്ഥിരമോ?''
''രണ്ടും തീര്‍ത്തും അസ്ഥിരം. കറക്കത്തിന്റെയോ സൂര്യനു ചുറ്റുമുള്ള പ്രദക്ഷിണത്തിന്റെയോ വേഗം ചെറുതായി മാറിയാല്‍ ഭൂമിക്ക് ഇപ്പോഴുള്ള ഓര്‍ബൈറ്റില്‍ നില്‍ക്കാനാവില്ല. സൂര്യതാപമോ സൂര്യനില്‍ നിന്നുള്ള ദൂരമോ വ്യത്യാസപ്പെട്ടാല്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ല. വായുവിന്റെയും വെള്ളത്തിന്റെയും തരവും നീക്കവും മാറിയാലും ജീവന്‍ തുടച്ചുനീക്കപ്പെടും.''
പരിസ്ഥിതി മോശമായാല്‍ മനഃസ്ഥിതിയും മറിച്ചും മോശമാവുമെന്ന നേര് അവരുടെ മുന്നില്‍ അവതരിപ്പിച്ച് എല്ലാവരോടുമായി ഞാന്‍ ചോദിച്ചു: ''ഇനി പറയൂ: ഒരു മരം നടുന്നതിനെ എന്തിനോടാണ് ഉപമിക്കാന്‍ കഴിയുക?''
മുന്‍നിരയില്‍ നിന്ന് ഒരു പെണ്‍കുട്ടി കൈയുയര്‍ത്തി എഴുന്നേറ്റു പറഞ്ഞു: ''ഒരു പ്രാര്‍ഥനയോട്.''
പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ എത്രയോ വട്ടം ഓര്‍ത്ത അനുഭവമായിരുന്നു ഇത്. സന്തോഷവും ആശ്ചര്യവും ചാരിതാര്‍ഥ്യവും തോന്നി. ഇപ്പോഴും തോന്നുന്നു. എനിക്ക് ഏഴോ എട്ടോ വയസ്സുള്ള കാലത്ത് ഉണ്ടായിരുന്ന അറിവിന്റെയും അനുഭവജ്ഞാനത്തിന്റെയും എത്രയോ ഇരട്ടിയാണ് ഈ തലമുറയിലെ ഈ പ്രായം കുട്ടികള്‍ക്കുള്ളത്. അത് അവരില്‍ ആരും അടിച്ചേല്‍പിച്ചതല്ല. അവര്‍ സ്വയം ആര്‍ജിച്ചതാണ്. ടെലിവിഷന്‍ കാണരുതെന്ന് പഠിക്കുന്ന കുട്ടികള്‍ക്ക് വീട്ടില്‍ വിലക്കാണുള്ളത്. സമയം പോയാല്‍ റാങ്ക് പോയാലോ! ഈ ഭൂമി തങ്ങളുടേതാണ് എന്ന അറിവ് വിലക്കുകള്‍ മറികടന്നും നേടുന്നു ഇവര്‍! എന്നിട്ട് ചുറ്റുപാടുകള്‍ മലിനമാവാതെ കാക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ആത്മാര്‍ഥമായി ഉല്‍സാഹിക്കുന്നു.
അന്ന് ആ സ്‌കൂളിലെ ചടങ്ങിന്റെ ഭാഗമായി ഒരു മല്‍സരം സംഘടിപ്പിച്ചിരുന്നു. 'ഭൂമിയിലെ ഏറ്റവും വലിയ മണ്ടത്തരം എന്താണ്' എന്ന ചോദ്യത്തിന് ഒറ്റ വാചകത്തില്‍ ഉത്തരം എഴുതുക. മികച്ച ഉത്തരങ്ങള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. (വിധി പറയാനുള്ള പാനലിന്റെ അധ്യക്ഷപദവി കൂടി എനിക്ക് വഹിക്കേണ്ടിവന്നു).
ഒന്നാം സമ്മാനത്തിന് അര്‍ഹമായ ഉത്തരം: ''സന്തോഷവും സുഖവും സമാധാനവും ഫാക്ടറിയില്‍ നിര്‍മിച്ചെടുക്കാമെന്ന വിചാരം.''                                         ി

(കടപ്പാട് : ജനശക്തി, ഏപ്രില്‍ 15, 2018)

RELATED STORIES

Share it
Top