കൊട്ടേക്കാട് യുവസംഗമവും പുതിയ അള്‍ത്താരയിലേക്കു മണ്ണു സമര്‍പ്പണവും നാളെതൃശൂര്‍: പരിശുദ്ധ കന്യാമറിയം ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികമായ ശനിയാഴ്ച തൃശൂര്‍ അതിരൂപതയിലെ ഫാത്തിമനാഥാ തീര്‍ഥ കേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ യുവജനസംഗമം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുക്കിപ്പണിയുന്ന ദേവാലയത്തിന്റെ അള്‍ത്താരയ്ക്ക് അടിത്തറയിടാന്‍ ഇടവകയിലെ 1052 കുടുംബങ്ങളില്‍നിന്നുള്ള മണ്ണ് യുവതീയുവാക്കള്‍ സമര്‍പ്പിക്കും. ശനിയാഴ്ച വൈകീട്ട് 4.30 ന് ആരംഭിക്കുന്ന വിപുലമായ പരിപാടികളില്‍ ആര്‍ച്ച്ബിഷപ്പ് അടക്കമുള്ള സഭാമേലധ്യക്ഷന്മാര്‍ പങ്കെടുക്കുമെന്ന് വികാരി ഫാ. ജോജു ആളൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫാത്തിമാ ദര്‍ശന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വെള്ളാറ്റഞ്ഞൂര്‍ പരിശുദ്ധ ഫാത്തിമനാഥാ ദേവാലയത്തില്‍നിന്നു ഘോഷയാത്രയായി എത്തിച്ച ദീപശിഖ തീര്‍ഥകേന്ദ്രത്തില്‍ ഏറ്റുവാങ്ങി. മൂന്നു നൊയമ്പോടെ ആരംഭിച്ച ആഘോഷ പരിപാടികളുടെ കൊടിയേറ്റം വികാരി ഫാ. ജോജു ആളൂര്‍ നിര്‍വഹിച്ചു. ബുധനാഴ്ച കുട്ടികളുടെ ദിനമായും ഇന്നലെ വയോജനങ്ങള്‍ക്കും രോഗികള്‍ക്കുമുള്ള ദിനമായും ആചരിച്ചു. ഇടവകയില്‍നിന്നു പിരിഞ്ഞുപോയ കുടുംബാംഗങ്ങള്‍ക്കുള്ള പ്രാര്‍ഥനാ ദിനമായ ഇന്നുഭക്തസംഘടനകളുടെ നേതൃത്വത്തില്‍ അഖണ്ഡ ജപമാലാര്‍ച്ചന നടക്കും. പുതുക്കിപ്പണിയുന്ന പള്ളിയുടെ ബലിപീഠം ഒരുക്കാന്‍ സ്വന്തം പുരയിടത്തിലെ ഓരോ പിടി മണ്ണ് അടങ്ങുന്ന കിഴിയുമായി 992 യുവതീയുവാക്കള്‍ പങ്കെടുക്കും. കുടുംബാംഗങ്ങളും റാലിയില്‍ അണിചേരും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മണ്‍കിഴികള്‍ അള്‍ത്താരയിലേക്കു സ്വീകരിക്കും. തുടര്‍ന്ന് 5.30 നു സമൂഹബലി. മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ സന്ദേശം നല്‍കും.  വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. ജോജു ആളൂര്‍, ട്രസ്റ്റി ടിഎല്‍ സേവ്യര്‍, കണ്‍വീനര്‍മാരായ ഇഎല്‍ പോള്‍, സിഎല്‍ ഇഗ്നേഷ്യസ്, പിഎ ലോനപ്പന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top