കൊട്ടിയൂര്‍ പീഡനം: വിചാരണ ആഗസ്ത് 1ന് തുടങ്ങും

തലശ്ശേരി: കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പ്രസവിച്ച കേസിന്റെ വിചാരണ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആഗസ്ത് ഒന്നിന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 15 സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ ആകെ 10 പ്രതികളാണ് ഉള്ളത്. നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് മുഖ്യപ്രതി. മാതൃവേദി അംഗം തങ്കമ്മ നെല്ലിയാനി, വയനാട് ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ സിസ്റ്റര്‍ ടെസി ജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി മുന്‍ അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് യഥാക്രമം 2 മുതല്‍ 10 വരെയുള്ള പ്രതികള്‍. ഇതില്‍ ഡോ. ടെസി, ഡോ. ഹൈദരലി, ആശുപത്രി അഡ്മിനിസ്്‌ട്രേറ്റര്‍ ആന്‍സി മാത്യു എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി മെയ് 25ന് കോടതി തള്ളിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവച്ചെന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം.
ജൂണ്‍ 1ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. ഫാദര്‍ റോബിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. 2017 ഏപ്രില്‍ 20നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ സുനില്‍കുമാര്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കംപ്യൂട്ടര്‍ പഠനത്തിന് പള്ളിമേടയിലെത്തി പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിനാണെന്ന് കണ്ടെത്തി. റോബിന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

RELATED STORIES

Share it
Top