കൊട്ടിയൂര്‍ പീഡനം : ഫാദര്‍ റോബിന്റെ ജാമ്യഹരജിയില്‍ വിധി ആറിന്തലശ്ശേരി: കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി(48)യുടെ ജാമ്യഹരജിയില്‍ വിധി പറയുന്നത് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക്-ഒന്ന്) കോടതി ഈമാസം ആറിലേക്ക് മാറ്റി. ഇന്നലെ വിധി പ്രഖ്യാപനത്തിന് വച്ചതായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജറുമായിരുന്നു ഫാദര്‍ റോബിന്‍ വടക്കുംചേരി. കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അങ്കമാലിയില്‍വച്ച് ഇയാളെ ഫെബ്രുവരി 28ന് അറസ്റ്റ് ചെയ്തിരുന്നു. വൈദികരും കന്യാസ്ത്രീകളും ഡോക്ടര്‍മാരും ഉള്‍പ്പെടെ കേസില്‍ ആകെ 10 പ്രതികളാണ് ഉള്ളത്. ഇതില്‍ റോബിന്‍ വടക്കുംചേരി ഒഴികെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ വടക്കുംചേരിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

RELATED STORIES

Share it
Top