കൊട്ടാരക്കരയില്‍ കൊടിക്കുന്നില്‍ വിഭാഗത്തിന്റെ ഗ്രൂപ്പ് യോഗം ചേര്‍ന്നുകൊട്ടാരക്കര: കോണ്‍ഗ്രസ്സ് എ ഗ്രൂപ്പില്‍ നിന്നും പുറത്തായ കൊടിക്കുന്നില്‍ സുരേഷ് വിഭാഗം കൊട്ടാരക്കരയില്‍ പ്രത്യേക യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ രഹസ്യയോഗത്തില്‍ കൊടിക്കുന്നില്‍ വിഭാഗം  തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു കൊടിക്കുന്നിലിന്റെ ഗ്രൂപ്പ് യോഗം. കൊട്ടാരക്കരയിലെ എട്ട് പഞ്ചായത്തില്‍ നിന്നുള്ള സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തില്‍ എത്തിയിരുന്നു. ഗ്രൂപ്പ് യോഗം എന്നറിയിക്കാതെ പാര്‍ട്ടി യോഗം എന്ന നിലയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികപേരും യോഗത്തിന് എത്തിയത്. യോഗം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നില്‍ സുരേഷ് എംപി ഉമ്മന്‍ചാണ്ടി വിഭാഗം നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയതായാണ് വിവരം. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി പലരും അഴിമതിയും സ്വജ്ജനപക്ഷപാതവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും നടത്തുകയാണെന്ന് കൊടിക്കുന്നില്‍ ആരേപിച്ചു. കെഎസ്‌യു തിരഞ്ഞെടുപ്പ് നടന്നതുപോലെ തുടര്‍ന്നുവരുന്ന സംഘടനാ തിരഞ്ഞെടുപ്പിലും ശക്തി തെളിയിക്കണമെന്നും ഉമ്മന്‍ചാണ്ടി വിഭാഗത്തെ തറപറ്റിക്കണമെന്നും ആഹ്വാനം ഉണ്ടായി. ഗ്രൂപ്പ് യോഗമാണെന്ന് വ്യക്തമായതോടെ പലരും യോഗത്തില്‍ നിന്നും മടങ്ങിപോയതായാണ് വിവരം. ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഒന്നും യോഗത്തിന് എത്തിയിരുന്നില്ല. അടുത്തിടെ എ ഗ്രൂപ്പില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടുള്ള സൂരജ് രവി മാത്രമാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും പങ്കെടുത്തത്. ഇതിനിടെ കൊടിക്കുന്നില്‍ ഐ ഗ്രൂപ്പിനോട് അടുക്കാന്‍ ശ്രമം നടത്തിവരുന്നതായും അറിയുന്നു. എന്നാല്‍ ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കും പ്രാദേശിക ഐ ഗ്രൂപ്പുകാര്‍ക്കും ഇതിന് എതിര്‍പ്പുണ്ട്. ഇവരിത് ഐ ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. എ ഗ്രൂപ്പില്‍ നിന്നും പുറത്താവുകയും ഐ ഗ്രൂപ്പിലേക്ക് എത്താന്‍ കഴിയാതിരിക്കുകയും ചെയ്ത സ്ഥിതിയാണ് ഇപ്പോള്‍ കൊടിക്കുന്നിലിനും സംഘത്തിനും. സ്ഥാനമാനങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ ഇത് കൊടിക്കുന്നില്‍ വിഭാഗത്തിന് തിരിച്ചടിയാകും.

RELATED STORIES

Share it
Top