കൊട്ടാരക്കരയിലെ വികസന പദ്ധതികള്‍ പാതിവഴിയില്‍

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ തുടക്കം കുറിച്ച വികസന പദ്ധതികള്‍ ഭൂരിഭാഗവും പാതിവഴിയില്‍ മുടങ്ങി. കോടികളുടെ നഷ്ടവും ജനകീയ ആവശ്യങ്ങളുമാണ് ഇതുമൂലം തടസ്സപ്പെട്ടിട്ടുള്ളത്. അഞ്ച് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച കൊട്ടാരക്കര മിനിസിവില്‍ സ്റ്റേഷന്‍ ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല. കൊട്ടാരക്കരയിലെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു ഇത്. കഴിഞ്ഞ ഓണത്തിനു മുന്നോടിയായും ഇപ്പോഴത്തെ പുതുവല്‍സരത്തിനു മുന്നോടിയായും ഇത് നിര്‍മാണം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുമെന്നായിരുന്നു പലതവണയുണ്ടായ വാഗ്ദാനം. ഈ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മിനിസിവില്‍സ്റ്റേഷന്‍ നിര്‍മാണത്തിന് തുടക്കമിട്ടത്.  എന്നാല്‍ കരാറുകാരനും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലം നിര്‍മാണം പല ഘട്ടങ്ങളില്‍ മുടങ്ങി.  കരാറുകാരന് പണം ലഭിക്കാത്തതുമൂലം ഇപ്പോഴും നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. വാടകയിനത്തില്‍ സര്‍ക്കാര്‍ ഓരോ മാസവും നല്‍കി വരുന്ന ഭീമമായ തുക ഒഴുവാക്കാനും എല്ലാ ഓഫിസുകളും ഒരിടത്തു വരുമ്പോഴുള്ള ജനങ്ങളുടെ സൗകര്യങ്ങളും ഇതുമൂലം തടസ്സപ്പെട്ടു കിടക്കുന്നു.  കൊട്ടാരക്കരയുടെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന പുലമണ്‍ തോടിന്റെ നവീകരണവും തടസ്സപ്പെട്ടിട്ട് ഒരു വര്‍ഷത്തിലധികമായി.  മലിനമായ ഈ പ്രധാന ജലസ്രോതസ് ശുദ്ധീകരിക്കുകയും തീരങ്ങള്‍ സംരക്ഷിച്ച് സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി.  തോടിന്റെ ചില ഭാഗങ്ങളില്‍ മാത്രം ഒറ്റപ്പെട്ട ജോലികള്‍ ചെയ്ത ശേഷം കരാറുകാരന്‍ പണി ഉപേക്ഷിക്കുകയായിരുന്നു.  ഇതിനിടയില്‍ തോട്ടില്‍ നിക്ഷേപിക്കപ്പെട്ടിരുന്ന ചളിയും മണലും കരാറുകാരനും മറ്റു ചിലരും ചേര്‍ന്ന് വന്‍ തോതില്‍ കടത്തിയതായും ആരോപണം ഉയരുന്നു. ഇതിപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായിരിക്കുകയാണ്. മാലിന്യ വാഹിനിയായ തോടിന്റെ നവീകരണം നാടിന്റെ സ്വപ്‌നമായിരുന്നു. മീന്‍പിടിപാറ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള പദ്ധതിയും തടസ്സപ്പെട്ട് കിടക്കുന്നു. ആധുനിക സൗകര്യങ്ങളേര്‍പ്പെടുത്തി മീന്‍പിടിപാറ സൗന്ദര്യവല്‍ക്കരിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായിരുന്നു പദ്ധതി. ഒരു വിശ്രമ കേന്ദ്രവും ശൗചാലയവും നിര്‍മിച്ചതല്ലാതെ ഈ പദ്ധതിക്ക് പിന്നെ മുന്നോട്ട് പോകുവാന്‍ കഴിഞ്ഞിട്ടില്ല.  ഇവിടമിപ്പോള്‍ സാമൂഹിക വിരുദ്ധരുടെയും ലഹരി വില്‍പ്പനക്കാരുടെയും താവളമാണ്. ജില്ലാ ആസ്ഥാനം കഴിഞ്ഞാല്‍ കിഴക്കന്‍ മേഖലയിലെ പ്രധാന നഗരമാണ് കൊട്ടാരക്കര.  ഇവിടുത്തെ സമഗ്ര വികസനം ലക്ഷ്യമിട്ടായിരുന്നു പദ്ധതികളെല്ലാം.  എന്നാല്‍ ഒന്നും തന്നെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പു കേടാണ് പദ്ധതി തടസ്സങ്ങള്‍ക്കെല്ലാം കാരണം.  അയിഷാപോറ്റി എംഎല്‍എ യുടെ ശ്രമഫലമായാണ് ഈ പദ്ധതികളെല്ലാം അനുവദിക്കപ്പെട്ടത്. മുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിരന്തരം ശ്രമം നടത്തുന്നുണ്ടെങ്കിലും എല്ലാം ചുമപ്പ് നാടയിലും നിയമപ്രശ്‌നങ്ങളിലും കുടുങ്ങുകയാണ്.

RELATED STORIES

Share it
Top